കാസര്‍കോട്:മഞ്ചേശ്വരം എം.എൽ.എയും മുസ്ലീംലീഗ് നേതാവുമായ എം.സി കമറുദ്ദീനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ. എം.എൽ.എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കുവേണ്ടി നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചു എന്നാണ് പരാതി. പഴയങ്ങാടി മുട്ടം സ്വദേശി അബ്ദുൾ റഹ്മാൻ, ചെറുവത്തൂർ സ്വദേശികളായ മഹമൂദ്, ഖദീജ എന്നിവരാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. നൂറിലധികം ആളുകളിൾ നിന്നായി വൻതുക നിക്ഷേപം സ്വീകരിച്ചാണ് ചെയർമാനായി ഫാഷൻ ജ്വല്ലറി പ്രവർത്തനമാരംഭിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒന്നര വർഷം മുൻപ് ജ്വല്ലറികളുടെ ശാഖകൾ എല്ലാം അടച്ചു.
എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ വീണ്ടും തട്ടിപ്പ് പരാതി
പഴയങ്ങാടി മുട്ടം സ്വദേശി അബ്ദുൾ റഹ്മാൻ, ചെറുവത്തൂർ സ്വദേശികളായ മഹമൂദ്, ഖദീജ എന്നിവരാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്.
നാളിതുവരെയായി നിക്ഷേപിച്ച പണം തിരിച്ചു നൽകാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എം.എൽ.എക്കെതിരെ ഇതുവരെ ഏഴ് പരാതികളാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് പരാതി നൽകിയ മൂന്നു പേർക്കും പത്തു ലക്ഷം രൂപവീതം നഷ്ടപ്പെട്ടതായാണ് ആക്ഷേപം. രണ്ടു ദിവസം മുൻപ് 15 ലക്ഷം രൂപ തിരിച്ചു കിട്ടിയിട്ടില്ലെന്ന് കാട്ടി മാടായി സ്വദേശിയും പൊലീസിനെ സമീപിച്ചിരുന്നു. രണ്ടു സ്ത്രീകൾ ഉൾപ്പടെ മൂന്നു പേരാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. ഇതിൽ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ല വകുപ്പ് പ്രകാരം ചന്തേര പൊലീസ് കമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.