കാസർകോട്: അനുപമയ്‌ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടിയതോടെ ദിവസങ്ങൾ നീണ്ട സമര പോരാട്ടവും ഒപ്പം ദത്ത് വിവാദവും ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. പെറ്റമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചപ്പോള്‍ കുഞ്ഞിനെ കൈമാറിയ ആന്ധ്ര ദമ്പതികൾക്ക് വേണ്ടിയുള്ള കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.
കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നാണ് സാമൂഹിക നീതി വകുപ്പ് ഓഫിസറും മുൻ ശിശു സംരക്ഷണ ഓഫിസറുമായ ഷീബ മുംതാസ് പറയുന്നത്. ഷീബയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലാകുകയാണ്.
"ചിലത് പറയേണ്ടതുണ്ടെന്നു തോന്നുന്നു" എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ദത്തെടുക്കൽ പ്രക്രിയയിൽ ( Adoption) അപേക്ഷകർക്ക് മുൻഗണന ഇല്ലെന്നും തികച്ചും ശിശുകേന്ദ്രീകൃതമായ ഒന്നാണ് അതെന്നും കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്നത് സാധ്യമല്ലെന്നും ഇതിലുണ്ട്.
കുട്ടികളില്ലാത്തവർക്ക് കുഞ്ഞിനെ കൊടുക്കുന്ന ഒരേർപ്പാടല്ല ദത്തെടുക്കൽ. കുഞ്ഞിന് ഒരു കുടുംബം പ്രദാനം ചെയ്യുകയെന്നതാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. നമ്മുടെ സ്നേഹത്തിൽ, കരുണയിൽ കപടത കൂടി ഒളിഞ്ഞിരിപ്പുണ്ട്. ദത്തു മാതാപിതാക്കൾ എല്ലാവരും ഒരേ താല്പര്യവും മനോഭാവവും ഉള്ളവരെന്ന് ധരിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
..........................
ചിലത് പറയേണ്ടതുണ്ടെന്നു തോന്നുന്നു.
# Adoption#
ദത്തെടുക്കൽ പ്രക്രിയയിൽ ( Adoption) അപേക്ഷകർക്ക് മുൻഗണന ഇല്ല. തികച്ചും ശിശുകേന്ദ്രിതമായ ഒന്നാണ് അത്. കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്നൊക്കെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് കണ്ടു. അത് സാധ്യമല്ല. കുട്ടികളില്ലാത്തവർക്ക് കുഞ്ഞിനെ കൊടുക്കുന്ന ഒരേർപ്പാടല്ല ദത്തെടുക്കൽ. കുഞ്ഞിന് ഒരു കുടുംബം പ്രദാനം ചെയ്യുകയെന്നതാണ്. കുഞ്ഞിൻ്റെ ശരിയായ വളർച്ചക്കും വികാസത്തിനും ഉതകുന്ന തരത്തിൽ ഉത്തരവാദിത്ത പൂർണവും കാര്യക്ഷമവുമായ രക്ഷകർതൃത്വം നിർവഹിക്കാനാവുന്നവരെയാണ് അഡോപ്റ്റീവ് പാരൻ്റ്സ് ആയി തെരെഞ്ഞെടുക്കുന്നത്.കുടുംബത്തിൻ്റെ സുരക്ഷിതത്വം കുഞ്ഞിൻ്റെ അവകാശമാണെന്നും ശരിയായ സാമൂഹീകരണത്തിന് കുടുംബാന്തരീക്ഷമാണ് അഭികാമ്യമെന്നുമുള്ള കാഴ്ച്ചപ്പാടാണ് ഇതിന് പിന്നിൽ. അതിലുപരി ആരെങ്കിലുമൊക്കെ സ്വന്തമായി ഉണ്ടാവുകയെന്ന ആവശ്യം (need for belongingness ) മനുഷ്യസഹജമാണ്. ജീവിക്കാനുള്ള പ്രേരണയും പ്രചോദനവുമാണത്.
കുഞ്ഞിന് അനുയോജ്യമായ പാരൻ്റ് / പാരൻ്റ്സ് ആണോ എന്ന് പരിശോധിക്കുന്നത് ശാസ്ത്രിയമായ കുടുംബപഠനം (Home Study) നടത്തിയാണ്. പ്രൊഫഷണൽ യോഗ്യതയുള്ള സോഷ്യൽ വർക്കർ ആണ് നിലവിൽ ഹോം സ്റ്റഡി ചെയ്‌തു വരുന്നത്. സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി (SAA )തയ്യാറാക്കുന്ന ചൈൽഡ് സ്റ്റഡി റിപ്പോർട്ടും വളരെ പ്രധാനമാണ്. ദത്തെടുക്കാൻ സന്നദ്ധരായി വരുന്നവരുടെ മാനസികാരോഗ്യനില, ദത്തെടുക്കലിനോടുള്ള മനോഭാവം, ദത്തെടുക്കാൻ പ്രേരിതരായ വ്യക്തിപരവും സാമൂഹ്യവുമായ ഘടങ്ങൾ, കുഞ്ഞിൻ്റെ വളർച്ച, വികാസം എന്നിവ സംബന്ധിച്ച അറിവ്, രക്ഷകർതൃത്വത്തിനോടുള്ള മനോഭാവം, കുടുംബപരവും, സാമൂഹ്യവുമായ പിന്തുണാ സംവിധാനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് അഡോപ്ഷൻ കമ്മറ്റി രക്ഷിതാക്കൾ യോഗ്യരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്.
ആന്ധ്ര ദമ്പതികൾക്ക് നേരത്തെയുണ്ടായിരുന്ന ബയോളജിക്കൽ ചൈൽഡ് മരണപ്പെട്ടതിനു ശേഷം ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചതെന്നൊരു വാർത്ത കണ്ടു (ശരിയാണോയെന്നറിയില്ല.) ശരിയാണെങ്കിൽ രണ്ടാമത്തെ കുഞ്ഞും അവിചാരിതമായി നഷ്‌ടപ്പെട്ടത് വലിയ ട്രോമയിലേക്ക് നയിച്ചിരിക്കാം. ഒരു പക്ഷേ മാനസികാരോഗ്യനിലയെത്തന്നെ പ്രതികൂലമായി ബാധിച്ചിരിക്കാം. അമിതമായ ഉത്കണ്ഠ, over protective ആയ രീതിയിൽ കുട്ടിയോട് ഇടപെടൽ എന്നിവക്കൊക്കെ കാരണമായേക്കാം. പറഞ്ഞു വന്നത് ഇനിയൊരു ഹോംസ്റ്റഡി നടത്തുമ്പോൾ പൂർവ്വാധികം ജാഗ്രതയുണ്ടാവേണ്ട സാഹചര്യമുണ്ട് എന്നതാണ്. മേൽ പറഞ്ഞ രീതിയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എങ്കിൽ അടുത്ത ഒരു ദത്തിന് ഈ ദമ്പതികളെ പരിഗണിക്കാനാവില്ല എന്നതു തന്നെയാണ് 'ഇത് അവരോടുള്ള ക്രൂരതയോ അവഗണനയോ അല്ല. മറിച്ച് കുഞ്ഞിൻ്റെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള കരുതലും ജാഗ്രതതയും സർവ്വോപരി നിയമ പരമായ ബാധ്യതയുമാണ്. ബാലനീതി നിയമത്തിലെയും CARA (Central Adoption Resource Authority) മാർഗനിർദ്ദേശങ്ങളിലെയും വകുപ്പകളും ചട്ടങ്ങളും ഈ അടിസ്ഥാന തത്വങ്ങളെ സാധൂകരിക്കുന്നതുമാണ്.