കാസര്‍കോട് : തലക്ലായിയിൽ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ജുശ്രീ പാർവതി (19) മരിച്ചത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്‌ഫങ്‌ഷൻ സിൻഡ്രോം മൂലമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എംവി രാംദാസ് അറിയിച്ചു.
മൂന്നുപേർ അറസ്റ്റില്‍ :അഞ്ജുശ്രീയുടെ മരണത്തിന് പിന്നാലെ ഹോട്ടൽ ഉടമ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോട്ടൽ ഉടമയും രണ്ട് പാചകക്കാരുമാണിത്. ഇതിൽ ഒരാൾ ഇതര സംസ്ഥാന തൊഴിലാളിയാണ്. അഞ്ജുശ്രീയുടെ കുടുംബം മേൽപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതിനെ തുടർന്നാണ് മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തത്.
അൽ റൊമൻസിയ പൂട്ടി : ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി സീൽ ചെയ്‌തിട്ടുണ്ട്. കാസര്‍കോട് അടക്കത്ത്ബയലിലെ അൽ റൊമൻസിയ ഫാമിലി റെസ്റ്റോറന്‍റ് ആണ് അടച്ചുപൂട്ടിയത്. ഇവിടെ നിന്നും ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് എടുത്തിട്ടുണ്ട്. ഫ്രീസറിൽ നിന്ന് അശാസ്ത്രീയമായ രീതിയിൽ സൂക്ഷിച്ച മാംസം കണ്ടെത്തിയിട്ടുണ്ട്.