കാസർകോട്: പടന്നക്കാട് കാര്‍ഷിക കോളജിലെത്തിയാല്‍ വിദ്യാർഥികൾ ഒരുക്കിയ ചെണ്ടുമല്ലിപ്പാടം പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പാടങ്ങള്‍ ആരുടെയും മനം കവരും. വിദ്യാര്‍ഥികളുടെ പരിശീലനത്തിന്‍റെ ഭാഗമായാണ് കോളജില്‍ ചെണ്ടുമല്ലി, കൃഷി ചെയ്‌തത്.
പടന്നക്കാട് കാര്‍ഷിക കോളജിലെ ചെണ്ടുമല്ലി കൃഷി ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കാഴ്‌ച കാണാന്‍ നിരവധി പേരാണ് കോളജിലെത്തുന്നത്. ഓണ നാളുകളിൽ ചെണ്ടുമല്ലി വാങ്ങാന്‍ ആർക്കും പടന്നക്കാട് കാര്‍ഷിക കോളജിലെ ഫാമിലേക്ക് വരാം. ഫാമിന്‍റെ ഔട്ട്‌ലെറ്റു വഴി കുറഞ്ഞ വിലയ്‌ക്ക് പൂക്കള്‍ വാങ്ങി മടങ്ങുകയും ചെയ്യാം.
പരിശീലനത്തിന്‍റെ ഭാഗമായാണ് കൃഷി ഇറക്കിയതെങ്കിലും പരിശ്രമം വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. കഴിഞ്ഞ ജൂണ്‍ 20ന് നട്ട തൈകള്‍ ഇപ്പോള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്ന ശാസ്‌ത്രീയമായ കൃഷി രീതികള്‍ അവലംബിച്ചു കൊണ്ടാണ് വിദ്യാര്‍ഥികളുടെ ചെണ്ടുമല്ലി കൃഷി.
മൂന്നാഴ്‌ച പ്രായമായ ഹൈബ്രിഡ് തൈകള്‍ സെന്‍റിന് 200 എണ്ണം എന്ന തോതിലാണ് നട്ടത്. വരികള്‍ക്കും ചെടികള്‍ക്കും ഇടയില്‍ 45 സെന്‍റിമീറ്റര്‍ അകലം നല്‍കി. കൃത്യമായ ഇടവേളയിലുള്ള കളപറിക്കല്‍ കൃഷിയിടം കൂടുതല്‍ മനോഹരമാക്കി.
ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍മാരായ കെ ഒ സ്‌മിത, ടി ടി തനുജ, മീര എന്‍ മോഹന്‍, ഡോ. പി കെ രേഷ്‌മിക, എ തസ്‌നി എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.