കാസര്‍കോട്:അമ്മയാടിന്‍റെ വിടവ് അറിയിക്കാതെ ആട്ടിന്‍കുട്ടികൾക്ക് സ്നേഹത്തിന്‍റെ പാൽ ചുരത്തുകയാണ് ചെമ്മനാട്ടെ ക്ഷീര കർഷകനായ കെടി ഇസ്‌മയിൽ. കുഞ്ഞുങ്ങൾക്ക് നൽകുന്നതുപോലെ കുപ്പികളിൽ പാൽ നിറച്ച് പ്രത്യേകമായി തയ്യാറാക്കിയ മരപ്പലകയിൽ ഘടിപ്പിച്ചാണ് ആട്ടിൻ കുഞ്ഞുങ്ങളുടെ വിശപ്പകറ്റുന്നത്. അകിടിന്‍റെ ചൂട് ഇല്ലെങ്കിലും ഈ സ്നേഹ പരിചരണങ്ങളിൽ സർവം മറക്കുകയാണ് കുറുമ്പൻമാരായ ആട്ടിൻകുട്ടികൾ. ജനിച്ചുവീണ രണ്ടാം നാളിൽ അമ്മയെ നഷ്‌ടമായ ആട്ടിന്‍കുട്ടികള്‍ക്ക് ദിവസം അഞ്ച് നേരം പാൽ നൽകുന്നുണ്ട് ഇസ്‌മയിൽ.
അമ്മയുടെ ചൂടില്ലെങ്കിലും സ്നേഹത്തിന് കുറവില്ല; ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് കുപ്പിപാല്‍ - kasargod
പ്രത്യേകമായി തയ്യാറാക്കിയ മരപ്പലകയിൽ കുപ്പികളിൽ പാൽ നിറച്ച് നല്‍കുകയാണ് ചെമ്മനാട്ടെ ക്ഷീര കർഷകനായ കെടി ഇസ്‌മയില്‍

മക്കളേ എന്ന ഇസ്‌മയിലിന്‍റെ നീട്ടി വിളിയിൽ കൂട്ടിൽ നിന്നും ഓടിയെത്തുന്ന ആട്ടിൻകുട്ടികൾ വീടിന്‍റെ വരാന്തയോട് ചേർന്ന് കെട്ടിത്തൂക്കിയ മരപ്പലകക്ക് അരികിലെത്തും. കുപ്പിപ്പാൽ വെച്ച് കഴിഞ്ഞാൽ പിന്നെ അമ്മയുടെ അകിടിൽ നിന്നെന്ന പോലെ ആസ്വദിച്ച് വയറുനിറയെ പാൽ കുടിക്കുകയും ചെയ്യും. അമ്മയില്ലാതെ കുഞ്ഞുങ്ങൾക്ക് എങ്ങനെ പാൽ നൽകും എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് ഇസ്‌മയിൽ എത്തിയത്. പാൽ കുടിച്ചു കഴിഞ്ഞാൽ പിന്നെ പരസ്‌പരം കുറുമ്പുകാട്ടും ഈ മൂവർ സംഘം. ഇസ്‌മയിലിന്‍റെ നിഴൽ കണ്ടിടത്തേക്കെല്ലാം ഇവര്‍ ഓടിച്ചെല്ലും. 25 ദിവസം ആണ് മൂവരുടെയും പ്രായം. അമ്മയുടെ വിടവറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് ഇസ്‌മയിലും ഭാര്യ ഫായിസയും ആട്ടിൻകുട്ടികളെ നോക്കുന്നത്. ഇതുതന്നെയാണ് ഇപ്പോൾ ഇവരുടെ സന്തോഷവും.