കാസര്‍കോട്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലുള്ള പ്രതികളെ പിടിക്കാന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ മാത്രമാണ് കേസില്‍ പിടിയിലായത്. അറസ്റ്റിന് പിന്നാലെ മുങ്ങിയ മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ 13 ദിവസമായി ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പ്രതികളെ പിടിക്കാന്‍ പ്രത്യേക സ്‌ക്വാഡ് ലൂക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി തട്ടിപ്പില്‍ ഖമറുദ്ദീന്‍ എംഎല്‍എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്ന നവംബര്‍ ഏഴിന് അന്വേഷണ സംഘം പൂക്കോയ തങ്ങളോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ എം.എല്‍.എയുടെ അറസ്റ്റ് വിവരം അറിഞ്ഞ് മുങ്ങുകയായിരുന്നു.
അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവര്‍ ചെറുവത്തൂരില്‍ സംഘമിച്ചു. നിക്ഷേപ സംരക്ഷണ നിയമം ഉപയോഗിച്ച് പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പരാതിക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മാനേജര്‍ സൈനുല്‍ ആബിദ് എന്നിവര്‍ കര്‍ണാടകയില്‍ ഒളിവിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പൂക്കോയ തങ്ങളുടെ മകനും ഡയറക്ടറുമായ ഹിഷാം കേസുകള്‍ വന്നതോടെ വിദേശത്തേക്ക് കടന്നിരുന്നു. ഇവരൊക്കെയും ജ്വല്ലറിയിലെ സ്വര്‍ണം ഉള്‍പ്പെടെ കടത്തിയെന്ന ആക്ഷേപവും ശക്തമാണ്. മുഴുവന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെയും ക്ഷണിച്ചുകൊണ്ടായിരുന്നു ചെറുവത്തൂരില്‍ നിക്ഷേപകരുടെ യോഗം വിളിച്ചതെങ്കിലും സിപിഎം നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ എത്തിയത്. ഇരകള്‍ക്ക് നീതി ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്നും കമറുദ്ദീന്‍റെ അറസ്റ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വിലപ്പോകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന നിക്ഷേപകരുടെ നിലപാടുകള്‍ ചില പ്രദേശങ്ങളില്‍ നിര്‍ണായകമാകും.