കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളായ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദീന്‍റേയും ജ്വല്ലറി എംഡി പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്. കമറുദീന്‍റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും ഇരുവരുടെയും ബന്ധുവീടുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
ജ്വല്ലറിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ രേഖകൾ വീണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യമെന്നാണ് സൂചന. കേസിൽ പ്രതിചേർക്കപ്പെട്ട് നിലവിൽ ജാമ്യത്തിലാണ് ഇരുവരും. ഫാഷൻ ഗോൾഡ് കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് വ്യാപക പരിശോധന നടത്തുന്നത്.