കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു (Fashion gold investment fraud). 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കണ്ണൂർ കാസർകോട് ജില്ലകളിലെ കോടതികളിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദ്ദീൻ ഉൾപ്പടെ 29 പേരാണ് പ്രതികൾ.
ബഡ്‌സ് ആക്‌ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. നിക്ഷേപ തട്ടിപ്പിൽ ആകെ രജിസ്റ്റർ ചെയ്‌തത് 168 കേസുകളാണ്. കേസിൽ മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 35 കേസുകളിൽ കൂടി കുറ്റപത്രം ഉടൻ നൽകും. ഒരു മാസത്തിനുള്ളിൽ മുഴുവൻ കേസിലും കുറ്റപത്രം ക്രൈം ബ്രാഞ്ച് സമർപ്പിക്കും.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റിലായിരുന്നു ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. 130 കോടിയുടെ നിക്ഷേപം മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയെന്നാണ് കേസ്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന നാല് ജില്ലകളായി 168 കേസുകളായിരുന്നു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തത്. 800 ഓളം പരാതികളാണ് ഉണ്ടായിരുന്നത്. കേസിൽ എംസി കമറുദ്ദീൻ 2020 നവംബറിൽ അറസ്റ്റിലായിരുന്നു. രണ്ട് പരാതിയാണ് കമറുദ്ദീന് എതിരെയുണ്ടായത്. ഫാഷൻ ഗോൾഡിന് പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്സ് എന്നീ കമ്പനികളുടെ കേസുകൾ വേറെയുണ്ട്.
2020 ജൂൺ മാസത്തിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 800 ഓളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ച് നൽകിയില്ല. പണം തിരിച്ച് ലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.