കാസർകോട്: മുന്‍ എംഎല്‍എ എം.സി.കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ തട്ടിപ്പിനിരയായവര്‍ വീണ്ടും സമര രംഗത്ത്. ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഓഹരിയുടമകളുടെ പുതിയ നീക്കം. പണം തിരിച്ചു കിട്ടുന്നതുവരെ കമറുദ്ദീനടക്കമുള്ളവരെ ഉപരോധിക്കാനാണ് ഇവരുടെ തീരുമാനം.
തട്ടിപ്പിനിരയായവർ വീണ്ടും സമര രംഗത്ത് ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പരാതി നല്‍കാത്തവരടക്കമുള്ളവരാണ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസ് നല്‍കാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന ഉറപ്പ് കമറുദ്ദീന്‍ പാലിക്കാത്തതാണ് നിക്ഷേപകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
also read: എം.സി ഖമറുദ്ദീൻ എംഎല്‍എ ജയിൽ മോചിതനായി
ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത കമറുദ്ദീന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള നിരവധി പേര്‍ കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലെ കമറുദ്ദീന്‍റെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു. പണം ലഭിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഓഹരി ഉടമകള്‍.
എങ്ങുമെത്താത്ത അന്വേഷണം
അതേസമയം പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്ന കേസും എങ്ങുമെത്താത്ത അവസ്ഥയിലാണ്. കൂട്ടുപ്രതിയായ കമ്പനി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും, മകന്‍ ഹിഷാമിനെയും അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല.
എന്നാല്‍ ഹിഷാം വിദേശത്ത് ഹോട്ടല്‍ ബിസിനസ് നടത്തുന്നുണ്ടെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ജാമ്യം ലഭിച്ച കമറുദ്ദീന്‍ വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വഞ്ചിക്കപ്പെട്ടവരുടെ പരാതി പരിഹരിക്കുന്നതിന് ഒരു നടപടിയും കമറുദ്ദീന്‍ സ്വീകരിക്കുന്നുമില്ല.