പ്രതികരിച്ച് ഷബീറും ബന്ധുവും കാസർകോട്: നാല് മാസം മുമ്പ് യെമനിലേക്ക് പോയതായി സംശയിക്കുന്ന കുടുംബത്തെ കുറിച്ച് ദേശീയ അന്വഷണ ഏജന്‍സിയുടെ അന്വേഷണത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ബന്ധുക്കള്‍. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്‌വാന, ഇവരുടെ നാല് കുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് യെമനിലേക്ക് പോയതായി സംശയിക്കുന്നത്.
എന്നാല്‍ യെമനിലേക്ക് യാത്ര ചെയ്‌ത കുടുംബത്തിന്‍റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുടെ പ്രത്യയശാസ്‌ത്രത്തിൽ ആകൃഷ്‌ടരായാണ് ഇവർ യെമനിലേക്ക് പോയതെന്ന് വ്യക്തമായി പറയാനാകില്ലെന്നും സംഘം പറഞ്ഞു.
അന്വേഷണവുമായി എന്‍ഐഎ: ജോലി ആവശ്യത്തിനായി കഴിഞ്ഞ 12 വര്‍ഷമായി ദുബായില്‍ താമസിച്ച് വരികയായിരുന്നു കുടുംബം. ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്ന് ഇവര്‍ നാട്ടില്‍ വന്നിരുന്നു. അതിനുശേഷം കുടുംബം യെമനിലേക്ക് പോയതായാണ് പൊലീസിന്‍റെ നിഗമനം. സൗദി വഴി കുടുംബം യമനിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ മലയാളി ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കുമെന്ന സൂചനയും ഉണ്ടായി.
തുടര്‍ന്ന് തൃക്കരിപ്പൂരിലെ ഇവരുടെ വീട്ടിൽ ദേശീയ അന്വേഷണം സംഘം എത്തി വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. ഇസ്‌ലാമിക് സ്റ്റേറ്റുമായി ഇവർക്ക് ബന്ധം ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കുടുംബത്തിലെ ആറു പേരുൾപ്പെടെ എട്ടുപേരെ കാണാതായ സംഭവത്തിൽ കേന്ദ്ര സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവർ ദുരൂഹ സാഹചര്യത്തിൽ യെമനിൽ കഴിയുന്നതായി കണ്ടെത്തിയത്.
യെമനില്‍ പോയത് മതപഠനത്തിനെന്ന് ഷബീറും കുടുംബവും: അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ഷബീര്‍ രംഗത്തു വന്നിട്ടുണ്ട്. താന്‍ പഠനാവശ്യത്തിനാണ് യെമനിലെത്തിയതെന്നും യാതൊരു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഷബീര്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്നും തന്‍റെ കുടുംബത്തെ ഇത്തരം വാര്‍ത്തകള്‍ വേദനിപ്പിക്കുന്നു എന്നും ഷബീര്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
പ്രചരിക്കുന്നത് വ്യജവാര്‍ത്തയാണെന്ന് ആരോപിച്ച് ഷബീറിന്‍റെ ബന്ധുക്കളും രംഗത്തുവന്നിട്ടുണ്ട്. നാല് മാസം മുമ്പ് മത പഠനത്തിനായാണ് ഷബീർ യെമനിൽ പോയതെന്നും ഇത് തങ്ങളെ അറിയിച്ചിരുന്നു എന്നും കുടുംബം പറഞ്ഞു. സ്ഥിരമായി ഷബീർ ബന്ധപ്പെടാറുണ്ട്. ഇന്ന് രാവിലെ കൂടി ബന്ധപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് നാട്ടിൽ എത്തിയിരുന്നു. തീവ്രവാദ സ്ക്വാഡിനോട് എല്ലാ വിവരവും പറഞ്ഞിരുന്നു എന്നും കുടുംബം ഇടിവി ഭാരതിനോട് പറഞ്ഞു.
യെമനിൽ നിന്നുള്ള ഷബീറിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പരാതി നൽകാതെയാണ് പൊലീസ് കേസ് എടുത്തതെന്നും ഷബീറിനെയും കുടുംബത്തെയും കാണാനില്ല എന്ന പ്രചരണം തെറ്റാണെന്നും ബന്ധു പറഞ്ഞു. ഷബീറിനും കുടുംബത്തിനും ഒപ്പം പടന്നയിൽ നിന്നു രണ്ട് യുവാക്കളും യെമനിലേക്ക് കടന്നതായി രഹസ്യാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ അഫ്‌ഗാനിലേക്ക് കടന്നതായും സൂചനയുണ്ട്.
2016ൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതാണ് ആദ്യ സംഭവം. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ പടന്ന, തൃക്കരിപ്പൂർ മേഖലയിലുള്ളവരും നാലുപേർ പാലക്കാട് ജില്ലക്കാരുമായിരുന്നു. കൊടും ഭീകരസംഘമായ ഐഎസിലേക്കായിരുന്നു ഈ സംഘം കൂട്ട പലായനം ചെയ്‌തത്.
കാബൂൾ വഴി അഫ്‌ഗാനിലേക്കാണ് സംഘം പോയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരിൽ ഏഴുപേർ പല ഘട്ടങ്ങളിലായി അമേരിക്കൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു.