കാസർകോട്: മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയിൽ നിന്ന് ഏഴര ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക സ്വദേശി പിടിയിൽ. മംഗളൂരു സൂറത്ത്കല്ലിലെ സനത് ഷെട്ടിയെ ആണ് കാസർകോട് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. വ്യാജ പ്രൊഫൈലിലൂടെ ഡോക്‌ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സംഗമ.കോം എന്ന മാട്രിമോണിയൽ സൈറ്റിലുണ്ടാക്കിയ വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറാണെന്ന് വിശ്വസിപ്പിച്ചാണ് സനത്, കാസർകോട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ബന്ധം കൂടുതൽ ശക്തമായി.
ഇരുവരും വിവാഹിതതരാകാനും തീരുമാനിച്ചു. അതിനിടെ മംഗളൂരുവിൽ സ്വന്തം ക്ലിനിക് തുടങ്ങുകയാണെന്നും അതിനായി പണം ആവശ്യമുണ്ടെന്നും പറഞ്ഞ് ഏഴര ലക്ഷം രൂപ യുവതിയിൽ നിന്ന് പ്രതി വാങ്ങി. കഴിഞ്ഞ ഏപ്രിലിലാണ് യുവതി പണം കൈമാറിയത്. പിന്നീട് ഇയാൾ യുവതിയമായുള്ള ബന്ധം ഒഴിവാക്കുന്നതിനായി സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ നശിപ്പിച്ചു.
തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും താമസിച്ചിരുന്ന പ്രതിയുടെ ലൊക്കേഷൻ പിന്തുടർന്നായിരുന്നു പൊലീസ് അന്വേഷണം. അന്വേഷണത്തില്‍ സുറത്ത്കല്ലിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.