കാസർകോട്:പ്രവാസി യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ആട് ഷമീർ കൊടും കുറ്റവാളിയെന്ന് പൊലീസ്. ഇയാളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ഈര്‍ജിതമാക്കി.
താമരശേരി കേസിലെ നടപടികൾക്ക് ശേഷം ഷമീറിനെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങും. നീലേശ്വരം സ്വദേശിയായ ഇയാള്‍ക്കെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലായി തട്ടിക്കൊണ്ടു പോകല്‍, വെടിവയ്പ്പ് തുടങ്ങി 26 കേസുകള്‍ നിലവിലുണ്ട്.
പ്രവാസിയായ യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയായ ഷമീര്‍ എന്ന ആട് ഷമീര്‍ ഇന്നലെയാണ് (ജൂലൈ 21) പിടിയിലായത്. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് താമരശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന നാലു പേർക്കൊപ്പം കാറിൽ കയറി രക്ഷപ്പെടാനൊരുങ്ങവേയാണ് ഇയാള്‍ പിടിയിലായത്.
പൊലീസിനെ കണ്ട് ചിതറിയോടിയവരിൽ ഷമീറിനൊപ്പമുണ്ടായിരുന്ന കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി സാജിദിനെ അന്വേഷണ സംഘം പിടികൂടി കല്‍പ്പറ്റ പൊലീസിന് കൈമാറി. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിക്കാന്‍ ഉപയോഗിച്ച മാങ്കാവ് പൊക്കുന്ന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാടക കാറിനുള്ളിൽ നിന്ന് വെടിയുണ്ടയും സ്ഫോടക വസ്തുവും കണ്ടെടുത്തിരുന്നു. ഇവയും കല്‍പ്പറ്റ പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റി.