കാസർകോട്:പകര്‍ച്ച വ്യാധി ഭീഷണിയില്‍ കാസർകോട് എക്‌സൈസ് ഓഫീസ്. സമീപത്തെ ഓടകളില്‍ നിന്നും ഒഴുകി വരുന്ന മലിന ജലം ഓഫീസിന് മുന്നില്‍ കെട്ടിക്കിടക്കുകയാണ്. ജീവനക്കാരില്‍ പലര്‍ക്കും പനി പിടിച്ചതോടെ പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ നിര്‍ദേശച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പകര്‍ച്ച വ്യാധി ഭീഷണിയില്‍ കാസര്‍കോട് എക്‌സൈസ് ഓഫീസ് - എക്‌സൈസ് ഓഫീസ്
ആരോഗ്യ പ്രവര്‍ത്തകര്‍ എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ കൊതുക് ശല്യവും രൂക്ഷമാണ്
വനിതകളടക്കം 32 ജീവനക്കാര്‍ ഉള്ള കാസര്‍കോട് എക്‌സൈസ് റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്. ഓഫീസിന് മുന്‍വശമാകെ വെള്ളം കെട്ടിക്കിടക്കുന്നു. കനത്ത മഴപെയ്താല്‍ ഓഫീസ് വരാന്തയിൽ വരെ വെള്ളമെത്തും. കല്ലുകള്‍ പാകിയാണ് നിലവിൽ ഓഫീസുകളിലേക്ക് കടക്കുന്നത്. ഇതിനൊപ്പം സമീപത്തെ ഓടകള്‍ നിറഞ്ഞ് മലിനജലവും പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇവിടെയുള്ള കക്കൂസ് ടാങ്കിലും ചോര്‍ച്ച വന്നതോടെ പകര്‍ച്ച വ്യാധി ഭീഷണിയിലാണ് ജീവനക്കാര്‍.
രണ്ടാഴ്ച മുന്‍പ് ജീവനക്കാർക്ക് പനി പിടിപെട്ടിരുന്നു. സ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ കൊതുക് ശല്യവും രൂക്ഷമാണ്. മലമ്പനി അടക്കമുള്ള മാരക രോഗങ്ങള്‍ പിടിപെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. എക്‌സൈസ് റെയ്ഡില്‍ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത വാഹനങ്ങളും നിര്‍ത്തിയിട്ടതോടെ നിന്നു തിരിയാന്‍ സ്ഥലമില്ലാതെയും ജീവനക്കാര്‍ വലയുന്നു.