കാസർകോട്:എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത് പട്ടിണിയുടെ ഓണം. ദുരിതബാധിതർക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രതിമാസ പെൻഷൻ കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഉത്സവ ആഘോഷത്തിനെന്ന പേരിൽ നൽകിയിരുന്ന 1000 രൂപയും ഇത്തവണ ലഭിച്ചിട്ടില്ല.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത് 'പട്ടിണിയോണം' - എൻഡോസൾഫാൻ ദുരിതബാധിതർ
ട്രഷറിയിലെ കാലതാമസമാണ് പെൻഷൻ മുടങ്ങിയതിന്‍റെ കാരണമായി സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ നൽകുന്ന വിശദീകരണം
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹ്യ സുരക്ഷാ മിഷൻ നൽകിയിരുന്ന പെൻഷനാണ് മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്നത്. എല്ലാ മാസവും കൃത്യമായി ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ച് നിത്യവൃത്തി നടത്തിയിരുന്ന കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. നാടൊട്ടുക്കും ഓണാഘോഷങ്ങൾ നടക്കുമ്പോൾ അത്തരം ആഘോഷങ്ങളൊന്നുമില്ലാതെ പട്ടിണി കിടക്കേണ്ട ഗതികേടിലാണ് ദുരിതബാധിത കുടുംബങ്ങൾ. ദുരിതബാധിതരുടെ പ്രശനങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എൻഡോസൾഫാൻ സെല്ലിൽ ഡെപ്യൂട്ടി കലക്‌ടറടക്കം ഇടക്കിടെ സ്ഥലം മാറുന്നതിനാൽ ആരോട് ചോദിക്കണമെന്നറിയാതെ ഇവർ കുഴങ്ങുകയാണ്. ട്രഷറിയിലെ കാലതാമസമാണ് പെൻഷൻ മുടങ്ങിയതിന്‍റെ കാരണമായി സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ നൽകുന്ന വിശദീകരണം. ഉടൻ പണം നൽകുമെന്ന് വാക്കാൽ ഉറപ്പ് നൽകുമ്പോഴും ഇനി ഓണാവധിക്ക് ശേഷം മാത്രമേ ട്രഷറി പ്രവർത്തിക്കുകയുള്ളൂ എന്നതാണ് മറ്റൊരു വസ്‌തുത. ചുരുക്കുത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത് പട്ടിണിയുടെ ഓണമായി മാറാനാണ് സാധ്യത.