എൻഡോസൾഫാൻ ദുരിത ബാധിതയായ മഞ്ജുള ഇടിവി ഭാരതിനോട് കാസർകോട് : അർഹതപ്പെട്ടിട്ടും അധികൃതരുടെ അനാസ്ഥ കാരണം ദുരിതമനുഭവിക്കുന്നവർ നിരവധിയുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരാളാണ് എൻഡോസൾഫാൻ ദുരിത ബാധിതയായ കാസർകോട് ഉക്കിനടുക്കട സ്വദേശിനി മഞ്ജുള. ഇവര്‍ക്ക് കണ്ണുകൾ മങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇപ്പോൾ പൂർണമായും ഇരുട്ട് കയറിയിരിക്കുകയാണ്. വീട് അനുവദിച്ചെങ്കിലും രണ്ട് മക്കളും അമ്മയുമായി വാടക വീട്ടിലാണ് താമസം. മാസം 3500 രൂപ വാടക ഇനത്തില്‍ തന്നെ വേണം.മറ്റ് ചെലവുകൾ വേറെയും. മക്കളുടെ വിദ്യാഭ്യാസ ചിലവും അടക്കം മഞ്ജുളയുടെ അമ്മ ജോലിക്ക് പോയി കണ്ടെത്തേണ്ട അവസ്ഥയാണ്.
ദുരിത ബാധിതർക്കായി നിര്‍മിച്ചുനല്‍കിയ വീടും അനാഥം : എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പെർളയിൽ നിർമിച്ച് കൈമാറിയ വീടുകളിൽ ഒന്ന്
മഞ്ജുളയ്ക്ക് ഉള്ളതായിരുന്നു. എന്നാൽ ഇത് ഇപ്പോഴും അനാഥമായി കിടക്കുകയാണ്. വീടിന്‍റെ വാതിലുകൾ ചിതലരിച്ചു. മുറികൾ മാറാലകെട്ടിയിരിക്കുന്നു. വെള്ളവും, വൈദ്യുതിയും ലഭ്യമാകാത്തതാണ് പ്രധാന കാരണം.
വൈദ്യുതി കണക്ഷൻ ഒരുക്കുന്നതിനായി ഗുണഭോക്താക്കളിൽ നിന്ന് 1500 രൂപ വീതവും വാങ്ങിയിരുന്നു. അതിനെക്കുറിച്ചും യാതൊരു വിവരമില്ല. 2022ലാണ് വീട് അനുവദിച്ചതായുള്ള അറിയിപ്പ് വന്നത്.
വർഷം ഒന്ന് കഴിഞ്ഞിട്ടും അങ്ങോട്ടേക്ക് മാറാൻ സാധിച്ചിട്ടില്ല. വീട് ലഭിച്ച 36 കുടുംബങ്ങളുടെയും സാഹചര്യം സമാനമാണ്. പെർളയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സത്യസായി ട്രസ്‌റ്റാണ് 2017ൽ 36 വീടുകൾ നിർമിച്ചുനൽകിയത്.
വൃഥാവിലായി ജില്ല ഭരണകൂടത്തിന്‍റെ ഉറപ്പ് : അഞ്ച് വർഷമായി കാടുപിടിച്ച് കിടന്നിരുന്ന വീടുകൾ വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം ഗുണഭോക്താക്കളെ കണ്ടെത്തി കൈമാറിയിരുന്നു. വൈദ്യുതിയും, ജലലഭ്യതയും, റോഡും അതിവേഗത്തിൽ ഒരുക്കുമെന്ന് ജില്ല ഭരണകൂടം ഉറപ്പും നൽകി. എന്നാൽ റോഡ് നിർമിച്ചതല്ലാതെ മറ്റ് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ജില്ല കലക്‌ടറും സ്ഥലം മാറിപ്പോയി. പല വീടുകളും വാസയോഗ്യമല്ലാതെ നാശത്തിന്‍റെ വക്കിലാണ്. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുകയാണ് ഈ പ്രദേശം. അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഫണ്ടില്ലെന്നാണ് ഗുണഭോക്താക്കൾ ബന്ധപ്പെടുമ്പോൾ ജില്ല ഭരണകൂടം നൽകുന്ന മറുപടി. ദുരിത ബാധിതർ എൻഡോസൾഫാൻ സെല്ലിൽ ഉൾപ്പടെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് മഞ്ജുള അടക്കമുള്ള 36 കുടുംബങ്ങൾ.
ദുരിതബാധിതര്‍ക്ക് സഹായം ല്‍കുന്ന കാര്യത്തിന് ഹൈക്കോടതിക്ക് മേല്‍നോട്ടം : അതേസമയം, ഇക്കഴിഞ്ഞ 16ന് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ മേല്‍നോട്ടത്തിനായി 2011ലാണ് പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിക്ക് ലഭിച്ചത്. ഇതാണ് കേരള ഹൈക്കോടതിയിലേക്ക് മാറ്റിയത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് സംബന്ധിച്ചവ മാത്രമാണെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്ര ചൂഡ്, ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ഈ വിഷയം നിരന്തരം നിരീക്ഷിക്കാന്‍ തങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോട് അഭ്യര്‍ഥിക്കുമെന്ന് നടപടിക്രമങ്ങളുടെ തുടക്കത്തില്‍ ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കിയിരുന്നു.