കാസർകോട് : പ്ലാന്‍റേഷൻ കോർപറേഷന്‍റെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് തേടിയ ശേഷം മാത്രമെന്ന് ജില്ല കലക്‌ടർ. നിർവീര്യമാക്കൽ സംബന്ധിച്ച് നടന്ന വിശദമായ ചർച്ചക്കൊടുവിലാണ് വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്.
നിരോധിച്ച കീടനാശിനി നിർവീര്യമാക്കുന്നത് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ എല്ലാം പരിശോധിച്ചാകും സമിതിയെ നിയോഗിക്കുകയെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത് രൻവീർ ചന്ദ് പറഞ്ഞു. എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് യോഗം നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.
എൻഡോസൾഫാൻ നിർവീര്യമാക്കൽ; തീരുമാനം വിദഗ്‌ധ സമിതി റിപ്പോർട്ടിന് ശേഷമെന്ന് ജില്ല കലക്‌ടർ READ MORE:എൻഡോസൾഫാൻ പുനരധിവാസ പദ്ധതിയിലെ വീഴ്‌ച അംഗീകരിച്ച് മന്ത്രി ആർ. ബിന്ദു
കലക്‌ടറേറ്റിൽ നടന്ന യോഗത്തിൽ എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച് നിലവിലെ പദ്ധതി കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിശദീകരിച്ചു. എന്നാൽ ഇതിനോട് യോജിക്കാൻ പീഡിത ജനകീയ മുന്നണി തയ്യാറായില്ല. ഇതോടെയാണ് വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
ചീമേനിയിൽ 73.75 ലിറ്ററും, പെരിയയിൽ 914.55 ലിറ്ററും, രാജാപുരത്ത് 450 ലിറ്ററും ഉൾപ്പടെ 1438 ലിറ്റർ കീടനാശിനിയാണ് 20 വർഷമായി പ്രത്യേകം ബാരലുകളിൽ ആയി സൂക്ഷിച്ചിരിക്കുന്നത്. കീടനാശിനി അതാത് പ്രദേശത്ത് നിർവീര്യമാക്കാനാണ് കാർഷിക സർവകലാശാല പദ്ധതിയിട്ടിരുന്നത്.