കേരളം

kerala

By

Published : Jun 24, 2019, 8:28 PM IST

Updated : Jun 24, 2019, 9:43 PM IST

ETV Bharat / state

എൻഡോസൾഫാൻ ദുരിതബാധിതർ ആശങ്കയില്‍; മെഡിക്കല്‍ ക്യാമ്പ് ഭിന്നശേഷിക്കാർക്ക് മാത്രം

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ സമരത്തിനൊടുവിലാണ് ദുരിതബാധിതര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തുമെന്ന ഉറപ്പ് നല്‍കിയത്.

എൻഡോസൾഫാൻ

കാസർകോട്: എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പിനെക്കുറിച്ച് ആശയക്കുഴപ്പം. നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ളതെന്ന് പ്രഖ്യാപിച്ച ക്യാമ്പ് ആണ് ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിന് മാത്രമായി നിജപ്പെടുത്തിയത്. ഇതോടെ മന്ത്രി തലത്തില്‍ ഉണ്ടാക്കിയ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി ആരോപിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തലസ്ഥാനത്ത് നടത്തിയ സമരത്തിനൊടുവിലാണ് നേരത്തെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദുരിതബാധിതര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തുമെന്ന ഉറപ്പ് നല്‍കിയത്. ഒടുവില്‍ കാസര്‍കോട് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിലും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായി. അതിര്‍ത്തികള്‍ ബാധകമാക്കാതെ മുഴുവന്‍ ആളുകള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാമെന്നും സെല്‍യോഗ തീരുമാനമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരെയും കണ്ടെത്തുന്നതിനുള്ള ക്യാമ്പാണ് ജൂണ്‍ 25 മുതല്‍ ജൂലായ് 9 വരെ നടത്തുന്നത് എന്ന അറിയിപ്പാണ് മെഡിക്കല്‍ ക്യാമ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പ് ഭിന്നശേഷിക്കാര്‍ക്കായി മാത്രം നിജപ്പെടുത്തി

നേരത്തെയുള്ള ക്യാമ്പില്‍ പങ്കെടുക്കാനാകാത്തവര്‍ക്കായി പുതിയൊരു ക്യാമ്പ് നടത്തുമെന്നത് പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ മന്ത്രി തലത്തില്‍ തന്നെയുണ്ടാക്കിയ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് സംശയിക്കുന്നതായി സമരസമിതിയും വ്യക്തമാക്കി. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടി പങ്കെടുക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്‍റെ ഇരകളാക്കപ്പെട്ടവരില്‍ ഭിന്നശേഷിക്കാര്‍ക്കൊപ്പം, അര്‍ബുദം, ത്വക് രോഗങ്ങള്‍, മാനസിക വെല്ലുവിളി നേരിടുന്നവരൊക്കെയുണ്ടെന്നും ഇവരെ ഏത് ക്യാമ്പില്‍ പങ്കെടുപ്പിക്കുമെന്ന മറുചോദ്യമാണ് സമരസമിതി ഉന്നയിക്കുന്നത്.

Last Updated : Jun 24, 2019, 9:43 PM IST

ABOUT THE AUTHOR

...view details