കാസർകോട് : നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഇമോജികൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നമ്മുടെ ഭാവപ്രകടനത്തിന് ഇപ്പോഴുള്ള ഇമോജികൾ പോരെന്നാണ് ഗവേഷകരുടെ അഭിപ്രായം.
സമൂഹ മാധ്യമങ്ങളിലെ ആശയവിനിമയത്തിന് വൈകാരിക ഭാഷയായുപയോഗിക്കുന്ന ഇമോജികളിൽ സാംസ്‌കാരിക വൈരുധ്യങ്ങളുണ്ടെന്ന് കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
ഭാവപ്രകടനത്തിന് ഇമോജികൾ പര്യാപ്‌തമാകുന്നില്ലെന്ന് പഠനം പടിഞ്ഞാറൻ രാജ്യങ്ങളിൽ ജീവിക്കുന്നവരുടെ മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് ഭാവപ്രകടനങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലുള്ളവർ നടത്തുന്നുണ്ട്. അവയ്ക്കനുയോജ്യമായ ഇമോജികൾ സമൂഹ മാധ്യമങ്ങളിൽ ലഭ്യമല്ലെന്നാണ് കണ്ടെത്തൽ.
അതിനാൽ വിവിധ സംസ്‌കാരങ്ങളിൽ ജീവിക്കുന്നവരുടെ വൈകാരികതയുടെയും പ്രതികരണത്തിന്‍റെയും പൂർണമായ അടയാളങ്ങളാകാൻ ഇപ്പോൾ കിട്ടുന്ന ഇമോജികൾ പര്യാപ്‌തമല്ലെന്നാണ് ഇവരുടെ വാദം.
Also Read: കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാം ; സ്‌കൂൾ തുറക്കൽ മാർഗനിർദേശങ്ങൾ ഇങ്ങനെ
വാട്ട്‌സ് ആപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലെ മുഖഭാവ പ്രകടനങ്ങൾ, ആഘോഷങ്ങൾ, സ്ഥലങ്ങൾ, കാലാവസ്ഥ ,വ്യത്യസ്ത തരം സ്മൈലികൾ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് പഠനം നടത്തിയത്. വാട്ട്‌സ്ആപ്പില്‍ 3633ഉം ഫേസ്ബുക്കിൽ 3136ഉം ഇൻസ്റ്റഗ്രാമിൽ 2000വും ട്വിറ്ററിൽ 3245ഉം ഇമോജികളാണുള്ളത്.
സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസി. പ്രൊഫസർ ഡോ. ബി.ഇഫ്‌തിഖാർ അഹമ്മദും പിഎച്ച്.ഡി ഗവേഷക വിദ്യാർഥിനി എം. ശ്രീലക്ഷ്‌മിയുമാണ് പഠനം നടത്തിയത്. അന്താരാഷ്ട്ര ഗവേഷണ ജേർണലായ ’കലാ സരോവറി’ൽ പ്രബന്ധം പ്രസിദ്ധീകരിച്ചു.
പിക്‌റ്റോഗ്രാം, ലോഗോഗ്രാം, ഐഡിയോഗ്രാം, സ്മൈലി എന്നിങ്ങനെയുള്ള ഡിജിറ്റൽ ടെക്സ്റ്റുകളുപയോഗിച്ചാണ് പഠനം നടത്തിയത്. അർഥവത്തായ കൂടുതൽ ഡിജിറ്റൽ, നോൺ വെർബൽ ഇമോജികൾക്കായുള്ള പഠനം ഇവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.