കേരളം

kerala

ETV Bharat / state

'ചുറ്റും കവ്വായി കായൽ, നാട്ടുമരുന്നുകളുടെ കലവറ': ഇടയിലക്കാട് കാവ് ജൈവവൈവിധ്യ പൈതൃക കേന്ദ്രമാകും - ഇടയിലക്കാട് കാവ് ജൈവവൈവിധ്യ പൈതൃക കേന്ദ്രം

കാടും കാടിനു നടുവിലെ കാവും നാഗത്തറയും കാട്ടാറും അപൂർവ സസ്യ -ജീവികളും. രാജ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടാനൊരുങ്ങി നിൽക്കുകയാണ് കാസർകോട് വലിയപറമ്പിലെ ഇടയിലക്കാട് കാവ്.

edayilekkad-kavu-sacred-groves-kasaragod-biodiversity-heritage-site
ഇടയിലക്കാട് കാവ് ജൈവവൈവിധ്യ പൈതൃക കേന്ദ്രമാകും

By

Published : Aug 2, 2023, 8:03 PM IST

ഇടയിലക്കാട് കാവ് ജൈവവൈവിധ്യ പൈതൃക കേന്ദ്രമാകും

കാസർകോട്: ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കവ്വായി കായൽ വട്ടമിട്ട് ഒഴുകുന്ന ഇടയിലക്കാട് കാവ്. കാടും കാടിനു നടുവിലെ കാവും നാഗത്തറയും കാട്ടാറും അപൂർവ സസ്യ -ജീവികളും. രാജ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടാനൊരുങ്ങി നിൽക്കുകയാണ് കാസർകോട് വലിയപറമ്പിലെ ഇടയിലക്കാട് കാവ്. വിസ്തൃതി കൊണ്ടും വൈവിധ്യമാര്‍ന്ന സസ്യ ജന്തുക്കളെ കൊണ്ടും സമ്പന്നമായ കാവ് പരമ്പരാഗത ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന നിരവധി നാട്ടുമരുന്നുകളുടെ കലവറ കൂടിയാണ്.

വിവിധ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ ഇടയിലക്കാട് കാവില്‍ ധാരാളം കുരങ്ങുകളും നീര്‍പക്ഷികളും കാട്ടുപക്ഷികളുമുണ്ട്. 87 ഇനം പക്ഷികളില്‍ 11 ഇനം നീര്‍പ്പക്ഷികളും 53 കാട്ടുപക്ഷികളും ഉള്‍പ്പെടുന്നു. കിന്നരിപ്പരുന്ത്, ചുട്ടിപ്പരുന്ത്, മീന്‍ കൂമന്‍, കാട്ടുമൂങ്ങ എന്നിവ അപൂര്‍വ ഇനം പക്ഷികളാണ്. വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കാവില്‍ കാണാം. അപൂര്‍വമായി കാണുന്ന ഏറെ ഔഷധപ്രാധാന്യമുള്ള ഓരിലത്താമരയുടെ രണ്ട് സ്‌പീഷീസുകള്‍ കാവില്‍ കണ്ടെത്തിയിരുന്നു.

വംശനാശ ഭീഷണി നേരിടുന്ന ഏകനായകം, കുരങ്ങുകളുടെ പ്രധാന ഭക്ഷണ ഇനമായ പനച്ചി എന്നിവയും ഇവിടെയുണ്ട്. അമൂല്യ ആയുര്‍വേദ സസ്യമായ പച്ചിലപ്പെരുമാള്‍, സഹ്യപര്‍വത പ്രദേശത്ത് കണ്ടുവരുന്ന കുടല്‍ച്ചുരുക്കി, വാതസംഹാരിയായ കരങ്ങോത്ത, വറ്റോടലം, വെളുത്ത കനലി, വള്ളിപ്പാല തുടങ്ങിയവയും ഇവിടെയുണ്ട്. പൈതൃക പദവിയിലേക്ക് ഉയർത്തപ്പെട്ടാൽ ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ പ്രദേശമായിരിക്കും ഇടയിലക്കാട് കാവ്. കൊല്ലം ജില്ലയിലെ ആശ്രാമം കണ്ടൽവനമാണ് സംസ്ഥാനത്തെ ഏക ജൈവവൈവിധ്യ പൈതൃകകേന്ദ്രം.

മനുഷ്യരോട് ഏറ്റവും ഇണക്കമുള്ള വാനരക്കൂട്ടമാണ് 16 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കാവിന്റെ മറ്റൊരു സമ്പത്ത്. 40ൽ പരം വാനരന്മാർ കാവിലുണ്ട്. തുരുത്ത് മുഴുവൻ കണ്ടൽക്കാടുകൾ കൊണ്ടു നിറയുകയും ഇവയ്ക്ക് ഇടത്തരം വൃക്ഷങ്ങളുടെ വലിപ്പമുള്ളതിനാലുമാണ് ഇടയിലക്കാടെന്ന പേര് കിട്ടിയതെന്നാണ് പറയുന്നത്. പുതുതലമുറയ്ക്ക് എന്തെന്ന് പോലും തിരിച്ചറിയാനാകാത്ത വിധം അപ്രത്യക്ഷമാകുമ്പോൾ നാടിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന ഒരു കാവ് ഇവിടെ സംരക്ഷിക്കപ്പെടുകയാണ്. പൈതൃകപദവി ലഭിക്കുന്നതോടെ കാവിലെ ജൈവവൈവിധ്യവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുകയും വിനോദസഞ്ചാര രംഗത്ത് കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇടയിലക്കാട് കാവിലെ വാനര സദ്യ: വാനരന്മാർക്ക്‌ ഓണസദ്യ വിളമ്പുന്നതാണ് വാനര സദ്യ എന്ന പേരിൽ അറിയപ്പെടുന്നത്. മുടക്കമില്ലാതെ ഇപ്പോഴും ഈ രീതി തുടരുന്നു. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ്‌ തൂശനിലയിൽ കുരങ്ങുസദ്യ വിളമ്പുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി പരിമിതമായ തോതിലായിരുന്നു വാനരസദ്യ. എന്നാൽ കഴിഞ്ഞ വർഷം ചട്ടങ്ങൾ മാറി, ചാറ്റൽ മഴ നീങ്ങി ചിങ്ങസൂര്യൻ പ്രകാശം ചൊരിഞ്ഞപ്പോൾ സദ്യയും കെങ്കേമമായി.

കാവിന്‍റെ പച്ചമേലാപ്പിൽ കുരുത്തോലയും ചെമ്പരത്തിയും വെള്ളിലയും ഹനുമാൻ കിരീടത്തിന്‍റെ പൂക്കളും അലങ്കാരമായി ഒരുക്കാറുണ്ട്. ഡസ്‌കും കസേരയും നിരത്തി അതിൽ പഴങ്ങളടക്കമുള്ള വിഭവങ്ങൾ വയ്ക്കും. കാഴ്‌ച കാണാനും ഘോഷയാത്രയിലും നിരവധിപ്പേർ പങ്കെടുക്കും. ചക്ക, മാങ്ങ, വത്തക്ക, പേരക്ക, സീതാപ്പഴം, ഉറുമാമ്പഴം, പപ്പായ, പൈനാപ്പിൾ, വാഴപ്പഴം, തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, കക്കിരി, മത്തൻ തുടങ്ങിയ നിരവധി വിഭവങ്ങളാണ്‌ സദ്യയിൽ വിളമ്പുക.

ഉപ്പു ചേർക്കാത്ത ചോറും വിളമ്പും. ചോറ് വിളമ്പിയാൽ വാനരകൂട്ടം ഓടിയെത്തി സദ്യ കഴിക്കും. പിന്നീട് ബഹളമാണ്. തിന്നും ചൊറിഞ്ഞും മറിഞ്ഞുമുള്ള വാനരക്കളി ഏറെ കൗതുകമുള്ളതാണ്.

ABOUT THE AUTHOR

...view details