കാസര്‍കോട്: മംഗളൂരു പൊലീസ് വെടിവെപ്പിന് ഉത്തരവാദിയായ കമ്മീഷണറെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ സംഘം മംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് അയവു വന്നെങ്കിലും ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നതെന്ന് മംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയ ഡി.വൈ.എഫ്.ഐ സംഘം പറഞ്ഞു.
മംഗളൂരു വെടിവെപ്പ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ - kasargod
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും വെടിവെപ്പ് നടന്ന പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും വെടിവെപ്പ് നടന്ന പ്രദേശങ്ങളിലും പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും ആദ്യം പ്രഖ്യാപിച്ച നഷ്‌ട പരിഹാരത്തുക റദ്ദാക്കിയ മുഖ്യമന്ത്രി യെദ്യൂരപ്പ മാപ്പ് പറയണമെന്നും ഡി.വൈ എഫ്.ഐ ആവശ്യപ്പെട്ടു.
മംഗളൂരുവില്‍ നടന്നത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്‌ത കൊലപാതകമാണെന്നും മഫ്‌ടി വേഷത്തില്‍ ആര്‍.എസ്.എസുകാര്‍ക്ക് സാധാരണക്കാരെ അക്രമിക്കാന്‍ അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സംഘം പറയുന്നു. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പഠിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐ കേരള കര്‍ണാടക സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ജില്ലാ നേതാക്കളും കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുമാണ് മംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയത്.