കാസർകോട് :ജില്ലയിലേക്ക് ലഹരി വസ്‌തു കടത്ത് വ്യാപകം. രണ്ടാഴ്‌ചയ്ക്കിടെ കാസര്‍കോട് നിന്നും പിടികൂടിയത് നാല് ക്വിൻ്റലോളം കഞ്ചാവാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും രണ്ട് ക്വിൻ്റല്‍ കഞ്ചാവും പിടികൂടിയിരുന്നു. കര്‍ണാടക നിര്‍മ്മിത മദ്യവും അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Read more: കാസർകോട് ടൂറിസ്റ്റ് ബസിൽ നിന്ന് 240 കിലോ കഞ്ചാവ് പിടികൂടി
ലോക്ക് ഡൗണിനെത്തുടര്‍ന്ന് എല്ലാ മേഖലയും അടച്ചിടലിലായതോടെയാണ് ജില്ലയിലേക്ക് ലഹരി കടത്ത് വ്യാപകമായത്. ബാറുകളും ബെവ്റേജസ് വില്‍പ്പനശാലകളും അടച്ചതോടെ കഞ്ചാവിന്‍റെയും കര്‍ണാടക മദ്യത്തിന്‍റെ വില്‍പ്പന ജില്ലയില്‍ തകൃതിയാണ്. ഓരോ ദിവസവും കര്‍ണാടകയില്‍ നിന്ന് ലോഡ് കണക്കിന് മദ്യമാണ് കടത്തുന്നത്. ഇവയില്‍ ചെറിയൊരു ശതമാനം മാത്രമാണ് എക്സൈസിൻ്റെ പിടിയിലാകുന്നത്. ലോക്ക് ഡൗണ്‍ സമയങ്ങളില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകൾ വഴി പാസ് ഉള്ളവരെയും അവശ്യസാധന വാഹനങ്ങളെയും മാത്രമാണ് കടത്തിവിടുന്നത്.
Read more: കാസർകോട് കഞ്ചാവും വിദേശ മദ്യവും പിടികൂടി
ഇത്തരം വാഹനങ്ങള്‍ യാത്രാരേഖകള്‍ മാത്രം പരിശോധിച്ചാണ് കടത്തിവിടുന്നത്. അതുകൊണ്ട് തന്നെ മീന്‍ ലോറികളിലും പച്ചക്കറി ലോറികളിലും ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളിലുമാണ് കഞ്ചാവ്, മദ്യം എന്നിവ എത്തിക്കുന്നത്. അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചുവന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് 240 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ബസ് ഉടമയുടെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് അന്ന് അറസ്റ്റ് ചെയ്‌തത്. ടൂറിസ്റ്റ് ബസിൻ്റെ ലഗേജ് കാരിയറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പാസ് എടുത്ത് യാത്ര നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ പൊതുവേ പരിശോധന ഇല്ലാത്തത് കഞ്ചാവ് കടത്ത് സംഘം മറയാക്കുന്നതായാണ് സൂചന.
മത്സ്യലോറിയിലും കാറിലുമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് കഴിഞ്ഞ ആഴ്‌ചയാണ് മംഗളൂരു പൊലീസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കര്‍ണാടകയിലും കേരളത്തിലും എത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി നിത്യേന ആയിരക്കണക്കിന് ലിറ്റര്‍ കര്‍ണാടക മദ്യം ജില്ലയിലെത്തുന്നുണ്ടെന്നാണ് വിവരം.