കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്‌ടപരിഹാര വിതരണത്തിന് ഇനി 217 കോടി രൂപ ആവശ്യമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എൻഡോസൾഫാൻ സെൽ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതബാധിത കുടുംബങ്ങളുടെ വായ്‌പ എഴുതി തള്ളുന്നതിന് ഇതിനകം 6.82 കോടി രൂപ ചെലവഴിച്ചതായി മന്ത്രി യോഗത്തെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അനുഭാവപൂർണമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് സെൽ അധ്യക്ഷൻ കൂടിയായ മന്ത്രി പറഞ്ഞു.
വിവിധ പദ്ധതികളിലായി എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ഇതുവരെ 281.36 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സാമ്പത്തിക സഹായമായി 171 കോടി രൂപയും ചികിത്സയ്ക്ക് 15.03 കോടിയും പെൻഷൻ, സ്കോളർഷിപ്പ്, ആശ്വാസകിരണം എന്നിവയ്ക്ക് 88.39 കോടിയും നൽകി. മുളിയാറിൽ പുനരധിവാസ ഗ്രാമത്തിന് ഈ മാസം 15 ന് തറക്കല്ലിടുമെന്നും മന്ത്രി അറിയിച്ചു.