കാസർകോട്: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് നാളെ തുടക്കമാകും. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ വേഗത്തിലാക്കിയാണ് ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ പ്രവർത്തികൾ ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയും വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നതോടെ തലപ്പാടി മുതൽ മുഴപ്പിലങ്ങാട് വരെയുള്ള നാല് റീച്ചുകളിൽ ആണ് പ്രവർത്തികൾ ആരംഭിക്കുക.
സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് നാളെ തുടക്കമാകും - അടുകത്ത് ബയൽ
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.
ദേശിയ പാത അതോറിറ്റി അലൈൻമെന്‍റുകൾക്ക് അന്തിമരൂപം നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തി. ജില്ലയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ 45 മീറ്റർ വീതിയിലുള്ള 87 കിലോമീറ്റർ ആറു വരി ദേശീയപാതയ്ക്ക് 94 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എൻ.എച്ച്2011 മുതൽ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും 2016 മുതലാണ് സ്ഥലമേറ്റെടുക്കൽ ആരംഭിച്ചത്. മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് ഭൂമി നഷ്ടപ്പെട്ടവർക്ക് നൽകുന്നത്. നഷ്ടപരിഹാരത്തിൽ 75% ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
ജില്ലയിൽ നിലവിൽ 60 ശതമാനത്തോളം ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂമി വിട്ടുനൽകുന്നവരുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നുണ്ട്. 570 ഓളം കേസുകൾ നിലവിൽ തർക്കത്തിലാണ്. കാഞ്ഞങ്ങാട്, അടുകത്ത് ബയൽ, കാസർകോട് എന്നിവിടങ്ങളിൽ സ്ഥലവില സംബന്ധിച്ച തർക്കമാണ് നിലവിലുള്ളത്.