കാസർകോട്:കാസർകോട് കയ്യൂരിലെ കാൻസർ രോഗിയായ സജിതയ്ക്ക് തുണയായി മോട്ടോർ വാഹന വകുപ്പ്. ഒരുലക്ഷം രൂപയുടെ മരുന്ന് മുംബൈയിൽ നിന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സൗജന്യമായി വീട്ടിലേക്ക് എത്തിച്ചത്. കർശന നിയന്ത്രണങ്ങൾ തുടരുന്ന കാസർകോട് ജില്ലയിൽ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളാണ് വിവിധ മേഖലകളിൽ ലഭ്യമാകുന്നത്.
സജിതയ്ക്ക് തുണയായി മോട്ടോർ വാഹന വകുപ്പ് ഭക്ഷ്യ വസ്തുക്കളും മരുന്നുകളും എല്ലാം എത്തിച്ചു സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും കൊവിഡ് പ്രതിരോധത്തിൽ നടക്കുന്നു. മോട്ടോർ വാഹന വകുപ്പിനും ഈ സമയം മാറി നില്കാനാകുമായിരുന്നില്ല. അവരും സേവന പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
കാൻസർ രോഗത്തോട് പൊരുതുന്ന കയ്യൂരിലെ സജിതയ്ക്ക് കഴിഞ്ഞ പത്ത് വർഷമായി മുംബൈയിലെ കമ്പനിയിൽ നിന്നായിരുന്നു മരുന്ന് ലഭിച്ചിരുന്നത്. തൃക്കരിപ്പൂരിലെ സാമൂഹ്യപ്രവർത്തകൻ രാംദാസ് ആയിരുന്നു സജിതയ്ക്ക് സൗജന്യമായി മരുന്ന് എത്തിച്ചിരുന്നത്. എന്നാൽ കൊറിയർ സർവീസ് നിലച്ചതോടെ സജിതയ്ക്ക് മരുന്ന് ലഭിക്കാതായി . ഇതിനിടയിലാണ് മുംബൈയിൽ നിന്നും കൊറിയർ വഴി എറണാകുളത്തേക്ക് എത്തേണ്ട മരുന്ന് സജിതയ്ക്ക് എത്തിക്കാമെന്ന് അറിയിച്ച് മോട്ടോർവാഹനവകുപ്പ് രംഗത്തെത്തിയത്.
കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വഴി അഖിലേന്ത്യ ഫെഡറേഷൻ ഇടപെട്ടാണ് മരുന്ന് എത്തിച്ചത്. ജില്ലയിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നിരവധി രോഗികൾക്കാണ് ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ സേവനം തുണയായത്.