കാസർകോട്: കൊവിഡ് പരിശോധനാ ഫലം യഥാസമയം ലഭ്യമാക്കാതെ സ്വകാര്യ ഏജന്‍സി. ടെസ്റ്റ് ചെയ്ത് അഞ്ചുദിവസം കഴിഞ്ഞിട്ടും ഫലം കിട്ടുന്നില്ലെന്നാണ് പരാതി. സംസ്ഥാന സര്‍ക്കാരിന് കീഴിലെ കെഎംഎസ്‌സിഎല്‍ കരാര്‍ കൊടുത്ത സ്‌പൈസ് ഹെല്‍ത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്രവം പരിശോധനക്ക് നല്‍കിയാല്‍ ഫലം വരും വരെ മറ്റു സമ്പര്‍ക്കങ്ങളില്ലാതെ കഴിയേണ്ടതുണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ രണ്ട് ദിവസം കൊണ്ട് ലഭിക്കുന്ന പരിശോധന ഫലത്തിനായി ദിവസങ്ങളോളം കാത്തു നില്‍ക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ആശുപത്രി ആവശ്യങ്ങള്‍ക്കായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഫലം വൈകുന്നതോടെ അടിയന്തര ശസ്‌ത്രക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നിന്നാണ് സ്വകാര്യ ഏജന്‍സി കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കുന്നത്. ഫലം കിട്ടുമെന്ന് അറിയിച്ച് പ്രദര്‍ശിപ്പിച്ച നമ്പരില്‍ വിളിക്കുകയോ വാട്‌സ് ആപ്പ് വഴിയോ ബന്ധപ്പെട്ടാല്‍ മതിയെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികരണമില്ലെന്നും ആക്ഷേപമുണ്ട്.
Also read:വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിയെ പരിശോധനക്ക് ചുമതലപ്പെടുത്തിയത്. 24 മണിക്കൂറില്‍ പരിശോധന ഫലം ലഭ്യമാക്കുന്നതിനായി ഒരു സാമ്പിളിന് 450 രൂപ നിരക്കില്‍ സംസ്ഥാനം നല്‍കുന്നുമുണ്ട്. പോസിറ്റീവ് കേസുകളുടെ റിസള്‍ട്ട് അറിയാന്‍ വൈകുന്നത് രോഗിയുടെ വീട്ടുകാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പടരാന്‍ ഇടയാക്കിയ സംഭവവും ജില്ലയിലുണ്ടായി.
ഏപ്രില്‍ 24 മുതല്‍ കാസര്‍കോട് ജില്ലയിലെ നഗരങ്ങളിലേക്കെത്തണമെങ്കില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും ടെസ്റ്റിന് വരുന്ന ആളുകളുടെ വര്‍ധനവിന് കാരണമായിട്ടുണ്ട്. നേരത്തെ ആരോഗ്യവകുപ്പ് നേരിട്ട് സ്രവ പരിശോധന നടത്തുമ്പോള്‍ ഇല്ലാത്ത പ്രയാസമാണ് പുതിയ സംവിധാനത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. പരാതികള്‍ വ്യാപകമായതോടെ ജില്ലാ ആരോഗ്യവകുപ്പ് സംഭവം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ലിങ്ക് വഴി വരും ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് തന്നെ അവരുടെ കൊവിഡ് പരിശോധന റിപ്പോര്‍ട്ട് ലഭ്യമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.