കാസർകോട്: ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കമ്മിറ്റിയുടെ അനിശ്ചിതകാല സമരം ഒരുവര്‍ഷം പിന്നിട്ടു. അന്വേഷണം സി ബി ഐയുടെ ഉന്നത തലത്തിലുള്ള പുതിയ സംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. നേരത്തെ അന്വേഷണത്തിനെത്തിയ സി.ബി.ഐ സംഘവും ഖാസിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
ചെമ്പരിക്ക ഖാസിയുടെ മരണം; അനിശ്ചിതകാല സമരം ഒരുവര്‍ഷം പിന്നിട്ടു - അനിശ്ചിതകാലം സമരം ഒരുവര്‍ഷം പിന്നിട്ടു
സമരം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ ഒന്‍പത് മുതല്‍ പതിനൊന്ന് വരെ രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
2010 ഫെബ്രുവരി പത്തിനാണ് ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീട് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന കുടുംബത്തിന്‍റെ പരാതിയെതുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്. എന്നാല്‍ ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്‍റെ തെളിവ് കണ്ടെത്താന്‍ സി.ബി.ഐ.യ്ക്ക് കഴിഞ്ഞില്ല. മൗലവി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് നൽകി. തുടർന്നാണ് വീണ്ടും സമരവുമായി ആക്ഷൻ കമ്മിറ്റി എത്തിയത്.
ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹമാണ് ഒരു വര്‍ഷം പിന്നിടുന്നത്. സമരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതിന് ഭാഗമായി ഒക്ടോബര്‍ 9 മുതല്‍ 11 വരെ രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ ഉന്നത തലത്തിലുള്ള പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെയും ഖാസിയുടെ കുടുംബാംഗങ്ങളുടെയും ആവശ്യം.