കാസര്‍കോട്: തുളു ഭാഷ സംസാരിക്കുന്നവരുടെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറവര്‍ണം നല്‍കാന്‍ മഞ്ചേശ്വരത്ത് സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തുളുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മഞ്ചേശ്വരം ദുര്‍ഗിപ്പള്ളയില്‍ സ്ഥാപിച്ച തുളുഭവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി.
മഞ്ചേശ്വരത്ത് തുളു സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു തുളു മാസിക തെമ്പരെ റവന്യു മന്ത്രി കേരള തുളു അക്കാദമി ചെയര്‍മാന് നല്‍കി പ്രകാശനം ചെയ്തു. തുളു പണ്ഡിതനും അക്കാദമി ആദ്യചെയര്‍മാനുമായ അന്തരിച്ച ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ പേരിലുള്ള ലൈബ്രറി എംസി കമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. തുളു ലിപി പഠനത്തിനുള്ള ഓണ്‍ലൈന്‍ കോഴ്‌സിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍മിച്ച തുളു ടെലിഫിലിം ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ.ആര്‍ ജയാനന്ദ പുറത്തിറക്കി. ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളത്ത് റവന്യു വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സാംസ്‌കാരിക കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായി 2019 ഫെബ്രുവരി 27ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മാറ്റിവെക്കുകയായിരുന്നു.
നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് തുളുഭവന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായത്. ലൈബ്രറിയും ചര്‍ച്ചകള്‍ക്കും മറ്റുമായി ഒരു എക്സിക്യുട്ടീവ് റൂമും അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കുള്ള മുറികളും സ്റ്റാഫ് റൂമുകളും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ തുളുഭവനോടനുബന്ധിച്ച് ഗവേഷണ കേന്ദ്രം സ്ഥാപിക്കും. തുളുസംസ്‌കാരവുമായി ബന്ധപ്പെട്ട മ്യൂസിയവും സജ്ജീകരിക്കും. ഈ പദ്ധതിക്കായി അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ക്കായി തുളു കള്‍ച്ചറല്‍ തിയറ്റര്‍ സ്ഥാപിക്കും. ഇതിനായി കാസര്‍കോട് വികസനപാക്കേജില്‍ ഒരു കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 2007ല്‍ സെപ്‌റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്തനാണ് കേരള തുളു അക്കാദമി ഉദ്ഘാടനം ചെയ്തത്.