കേരളം

kerala

ETV Bharat / state

'കാസർകോട് - മംഗളൂരു റൂട്ടില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര ഇളവ് കണ്ണിൽ പൊടിയിടാന്‍'; കെഎസ്‌ആർടിസിക്കെതിരെ വിമര്‍ശനം - കേരളം

വിദ്യാർഥികൾക്ക് കർണാടക ആർടിസി നൽകുന്ന ഇളവിന്‍റെ മൂന്നിലൊന്ന് പോലും കേരളം നൽകുന്നില്ലെന്നാണ് പരാതി

കാസർകോട് മംഗളൂരു റൂട്ട് യാത്രായിളവ്  കെഎസ്‌ആർടിസി നടപടി  KSRTC ticket concession  Kasaragod Mangalore route KSRTC ticket concession  നടപടി കണ്ണിൽ പൊടിയിടാനെന്ന് ആക്ഷേപം
കെഎസ്‌ആർടിസിക്കെതിരെ വിമര്‍ശനം

By

Published : May 23, 2023, 11:44 AM IST

വിദ്യാര്‍ഥിയും കര്‍ണാടക ആര്‍ടിസി കണ്ടക്‌ടറും സംസാരിക്കുന്നു

കാസർകോട്:ഏറെക്കാലത്തെ മുറവിളിയ്‌ക്കൊടുവിലാണ് കാസർകോട് - മംഗളൂരു റൂട്ടിൽ കെഎസ്‌ആർടിസി യാത്ര ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ, മലയാളി വിദ്യാർഥികൾക്ക് കർണാടക ആർടിസി നൽകുന്ന ഇളവിന്‍റെ മൂന്നിലൊന്ന് പോലും കേരളം നൽകുന്നില്ലെന്ന പരാതി ശക്തമാണ്. യാത്ര ഇളവ്, വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

വിദ്യാർഥികൾക്ക് കെഎസ്ആർടിസി അനുവദിച്ച ഇളവ് പ്രകാരം ഒരു മാസത്തേക്ക് 2,960 രൂപയുടെ റീചാർജ് ചെയ്യണം. അതായത് മംഗളൂരിൽ പോയി തിരിച്ചുവരാൻ ഒരു ദിവസം 98 രൂപ ബസിന് നൽകണം. സാധാരണ യാത്രക്കാർക്ക് 148 രൂപയാണ് (കാസർകോട് മുതൽ മംഗളൂരു വരെയും തിരിച്ചും) നൽകേണ്ടത്. അതേസമയം, കർണാടക ആർടിസിയിൽ ആറുമാസത്തേക്ക് സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് 1,050 രൂപ മാത്രമാണ് നൽകേണ്ടത്. പ്രൊഫഷണൽ കോളജ് വിദ്യാർഥികൾക്ക് 1,550 രൂപയും.

ലഭിക്കുക, 30 ശതമാനം നിരക്കിളവ്:കേരള ആർടിസിയെക്കാൾ മൂന്നിരട്ടി ലാഭമാണ് കർണാടക ആർടിസിയിൽ സഞ്ചരിച്ചാൽ വിദ്യാർഥികൾക്ക് ലഭിക്കുക. എന്നാല്‍, രാവിലെ കേരള ആർടിസി ബസുകൾ മാത്രമാണ് കാസർകോട് നിന്നുമുള്ളത്. നേരത്തെ എത്തേണ്ട വിദ്യാർഥികൾക്ക് പണംമുടക്കി കേരള ആർടിസിയെ ആശ്രയിക്കാതെ വേറെ മാർഗമില്ല. അല്ലെങ്കിൽ, കർണാടകയുടെ കൂടുതൽ ബസുകൾ രാവിലെ സർവീസ് നടത്തേണ്ടി വരും. ഏറെക്കാലത്തെ ആവശ്യങ്ങൾക്ക് ഒടുവിലാണ് കാസര്‍കോട് - മംഗലാപുരം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സീസണ്‍ ടിക്കറ്റ് അനുവദിച്ചത്.

ALSO READ |520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാന്‍ കെഎസ്ആർടിസി

വിദ്യാർഥി സംഘടനകളുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യമായിരുന്നു യാത്ര ഇളവ്. കര്‍ണാടകത്തിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും നിരവധി വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവർ യാത്ര ഇളവ് ഇല്ലാത്തതിനാൽ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. കർണാടക ആർടിസിയിൽ വിദ്യാർഥികൾക്ക് യാത്ര ഇളവ് ഉണ്ടെങ്കിലും രാവിലെ ബസ് ഇല്ല. പുതിയ തീരുമാനം അനുസരിച്ച് കാസര്‍കോട് –മംഗലാപുരം റൂട്ടില്‍ കെഎസ്ആർടിസിയിൽ 30 ശതമാനം നിരക്ക് ഇളവാണ് ലഭിക്കുക.

വിദ്യാര്‍ഥികള്‍ക്ക് ആര്‍എഫ്‌ഐഡി കാര്‍ഡ് നല്‍കും. വിദ്യാര്‍ഥിയുടെ ഫോട്ടോയും ഐഡി കാര്‍ഡ് നമ്പറും ആര്‍എഫ്‌ഐഡി കാര്‍ഡില്‍ ഉണ്ടാകും. ആദ്യ തവണ കാര്‍ഡ് വിലയായി 100 രൂപ നല്‍കണം. തുടര്‍ന്ന് 100 രൂപ മുതല്‍ 2,000 രൂപ വരെ റീചാര്‍ജ് ചെയ്‌ത് ഉപയോഗിക്കാം. ഒരു കലണ്ടര്‍ മാസം 20 ദിവസം യാത്ര ചെയ്യാം. അടുത്ത അധ്യയന വര്‍ഷം മുതല്‍ കണ്‍സഷന്‍ അനുവദിച്ച് തുടങ്ങും.

പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്‌ആര്‍ടിസി:പുതുതായി 520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി കരാർ വിളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 814 കോടി രൂപയുടെ കിഫ്‌ബി വായ്‌പ ലഭ്യമായ സാഹചര്യത്തിലാണ് പുതുതായി ബസുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്. 2017ൽ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് തീരുമാനിച്ച കിഫ്ബി സഹായത്തോടെയുള്ള ഈ പദ്ധതി, തിരിച്ചടവിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് അനന്തമായി നീളുകയായിരുന്നു.

ബസ് വാങ്ങൽ പദ്ധതിയുടെ വായ്‌പ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഗതാഗതവകുപ്പ്, ധനവകുപ്പിന് മുന്നിൽവച്ച നിർദേശം. ഇത് ധനവകുപ്പ് എതിർക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details