കാസര്‍കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ അന്വേഷണസംഘം സുന്ദരയുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
Read More.....കെ. സുരേന്ദ്രന് കുരുക്ക് മുറുകുന്നു; സുന്ദരയ്ക്ക് പണം നല്‍കിയത് അടുത്ത അനുയായി
കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ ഫോണ്‍ സഹായകരമാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടല്‍. ഇതിനിടയില്‍ സുന്ദരയുടെ അമ്മയുടെയും ബന്ധുവിന്‍റെയും മൊഴികള്‍ വെള്ളിയാഴ്ച രേഖപ്പെടുത്തി. വാണിനഗറിലെ വീട്ടില്‍ എത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴിയെടുത്തത്.
Read More.....ബിജെപി രണ്ടരലക്ഷം നല്‍കിയെന്ന മൊഴി ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ച് സുന്ദര
ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ.സുന്ദരുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. പണം നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്മ നേരത്തേ നിഷേധിച്ചിരുന്നു.
പരാതിക്കാരനായ വി.വി.രമേശന്‍ നല്‍കിയ മൊഴിയും , സുന്ദരയുടെ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ മജിസ്‌ട്രേറ്റിന് മുന്‍പാകെ സുന്ദരയുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണസംഘത്തിന് ആലോചനയുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് കെ സുരേന്ദ്രന്‍ ഇടപെട്ട് ബിജെപി രണ്ടര ലക്ഷം നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് കേസ്.