കേരളം

kerala

ETV Bharat / state

അധ്യാപികയുടെ മരണം; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ക്രൈംബ്രാഞ്ച് സുപ്രീം കോടതിയില്‍

പോസ്റ്റുമോര്‍ട്ടം ചെയ്‌ത പൊലീസ് സര്‍ജന്‍റെ റിപ്പോര്‍ട്ടില്‍ അധ്യാപികയുടെ ശ്വാസകോശത്തില്‍ മണലിന്‍റെ അംശം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധ്യാപിക അബദ്ധത്തില്‍ കടലില്‍ വീണ് മരിച്ചതാണെന്നും കാണിച്ചതിനാലാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്.

murder case  സുപ്രീംകോടതി  ക്രൈംബ്രാഞ്ച്  മരണം  പോസ്റ്റുമോര്‍ട്ടം  പൊലീസ്  Police  Crime Branch  bail  murder
അധ്യാപികയുടെ മരണം; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ക്രൈംബ്രാഞ്ച് സുപ്രീംകോടതിയില്‍

By

Published : Apr 4, 2021, 3:04 AM IST

കാസര്‍കോട്: കാസര്‍കോട് അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസില്‍ അപ്പീലുമായി ക്രൈംബ്രാഞ്ച് സുപ്രീംകോടതിയില്‍. പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അപ്പീല്‍ നല്‍കിയത്. മിയാപ്പദവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ 2020 ജനുവരി 18ന് പെര്‍വാഡ് കടപ്പുറത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍റെ വിശദമായ റിപ്പോര്‍ട്ടില്‍ അധ്യാപികയുടെ ശ്വാസകോശത്തില്‍ മണലിന്‍റെ അംശം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധ്യാപിക അബദ്ധത്തില്‍ കടലില്‍ വീണ് മരിച്ചതാണെന്നും കാണിച്ചാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

അധ്യാപികയായ രൂപശ്രീയെ കൊലപ്പെടുത്തി കടലില്‍ തള്ളിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ മണലിന്‍റെ അംശം കണ്ടെത്തിയ കാര്യം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളായ മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര, സുഹൃത്ത് നിരഞ്ജന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്.

കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ്‌പി എ സതീഷ്‌കുമാര്‍, എസ്ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് തെളിയിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ്‌ ക്രൈംബ്രാഞ്ച് അന്വേഷണസംഘം.

ABOUT THE AUTHOR

...view details