കാസര്‍കോട്: ഇടതുപക്ഷത്തിനെതിരെ നടക്കുന്ന മാധ്യമവിചാരണക്കെതിരെ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ ഇടതുപക്ഷപാർട്ടികളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് സിപിഎം സെമിനാറുകള്‍ നടത്തുന്നത്.
മാധ്യമവിചാരണക്കെതിരെ പ്രതിരോധവുമായി സിപിഎം - ഇടതുപക്ഷ വിരുദ്ധതയിൽ മുഖ്യധാര മാധ്യമങ്ങള്‍
മൂലധന ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനാലാണ് ഇടതുപക്ഷത്തിന് നേരെ മാധ്യമങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
കാസര്‍കോട് നടത്തിയ സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത എന്ന വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ബഹുജന സംഘടനയിലെ പ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിച്ചത്. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധതക്കെതിരെ ക്രിയാത്മക പ്രതിരോധമാണ് വേണ്ടതെന്നും മാധ്യമങ്ങളോട് ഇടതുപക്ഷത്തിന് നിഷേധാത്മക നിലപാടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. മൂലധനത്തെ സംരക്ഷിക്കുക, വളര്‍ത്തുക എന്നതാണ് മുഖ്യധാര മാധ്യമങ്ങളുടെ നിലപാട്. ഇടതുപക്ഷം മൂലധന ശക്തികള്‍ക്കെതിരായതിനാലാണ് മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധതയെന്നും അദ്ദേഹം പറഞ്ഞു. ബേഡഡുക്കയിലും സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ മാധ്യമ വിചാരണക്കെതിരെ സെമിനാര്‍ നടത്തി.