കേരളം

kerala

ETV Bharat / state

പതാക കൈമാറി മുഖ്യമന്ത്രി ; സിപിഎം ജനകീയ പ്രതിരോധ ജാഥയ്‌ക്ക് കാസര്‍കോട്ട് ഉജ്വല തുടക്കം - latest news in kaasargod

കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള സിപിഎം ജനകീയ ജാഥയ്‌ക്ക് കാസര്‍കോട് തുടക്കം. നാളെ മൂന്നിടങ്ങളില്‍ ജാഥയ്‌ക്ക് സ്വീകരണം. കോൺഗ്രസിലെ ഒരു വിഭാഗം ആർഎസ്‌എസിനോടും ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയോടും മൃദു നിലപാട്‌ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

cpm state kumbala  സിപിഎം ജാഥയ്‌ക്ക് കാസര്‍കോട് തുടക്കമായി  സിപിഎം സംസ്ഥാന സെക്രട്ടറി  CPM peoples march starts today  സിപിഎം ജനകീയ പ്രതിരോധ ജാഥ  സിപിഎം ജനകീയ ജാഥ  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  കാസര്‍കോട് പുതിയ വാര്‍ത്തകള്‍  kasargod news updates  latest news in kaasargod  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സിപിഎം ജനകീയ പ്രതിരോധ ജാഥയ്‌ക്ക് തുടക്കം

By

Published : Feb 20, 2023, 8:46 PM IST

കാസർകോട് : കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർകോട്ട് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ക്യാപ്റ്റന്‍ എംവി ഗോവിന്ദന് പതാക കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പി.കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്‌ സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം. സ്വരാജ്‌, ജെയ്‌ക്‌ സി.തോമസ്‌, കെ.ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്‌.

കോൺഗ്രസിലെ ഒരു വിഭാഗം ആർഎസ്‌എസിനോടും ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയോടും
മൃദു നിലപാട്‌ സ്വീകരിക്കുകയാണെന്ന് ജാഥ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു. വെൽഫെയർ പാർട്ടി കേരളത്തിൽ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൂടെ അണിനിരന്നവരാണ്‌. അവർ തമ്മിൽ ഒരു പ്രത്യേക കെമിസ്‌ട്രി രൂപപ്പെട്ടിട്ടുണ്ട്‌. ജമാഅത്തെ ഇസ്‌ലാമി ആർഎസ്‌എസുമായി ചർച്ച നടത്തിയതിനെതിരെ ഒട്ടേറെ മുസ്‌ലിം സംഘടനകൾ വിമർശനവുമായി എത്തിയിട്ടുണ്ട്. ന്യൂനപക്ഷം പൊതുവേ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്‌ലാമി ചെയ്‌തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത്‌ കാര്യമാണ്‌ അവർക്ക്‌ തമ്മിൽ സംസാരിക്കാൻ ഉള്ളതെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ജാഥയിലൂടെ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്‌ട്രീയ പ്രചാരണം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുജന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം സര്‍ക്കാരിന് നേരിടേണ്ടി വന്ന വിവാദങ്ങളെ മറികടക്കുക കൂടിയാണ് ലക്ഷ്യംവയ്ക്കുന്നത്.

നാളെ രാവിലെ 10ന്‌ ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയിലും തുടര്‍ന്ന് 11 മണിയ്‌ക്ക് കാഞ്ഞങ്ങാട്‌ മണ്ഡലത്തിൽ പുതിയ ബസ്‌സ്‌റ്റാൻഡിലും വൈകിട്ട് മൂന്ന് മണിയ്‌ക്ക് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും ജാഥയ്‌ക്ക് സ്വീകരണം നൽകും. ഓരോ കേന്ദ്രത്തിലും പതിനായിരം പേർ ജാഥയെ സ്വീകരിക്കാനെത്തുമെന്നാണ് വിലയിരുത്തല്‍.

റെഡ് വളന്‍റിയര്‍മാർ ഗാർഡ്‌ ഓഫ്‌ ഓണർ നൽകും. സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനകീയ ബദൽ പദ്ധതികൾ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളും വർഗീയതയുടെ കൊടിയ ഭീഷണികളും യാത്രയിൽ വിശദീകരിക്കും.കേന്ദ്ര അവഗണന തുറന്ന് കാട്ടിയാകും ജാഥ.

സ്വീകരണ കേന്ദ്രങ്ങളെല്ലാം ചുവന്ന് തുടുത്തിട്ടുണ്ട്. തോരണങ്ങളാൽ അലങ്കരിച്ചും പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചും യാത്ര ചരിത്രമാക്കാൻ താഴെ തട്ടുമുതൽ പ്രചാരണം സജീവമാണ്‌. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം കലാപരിപാടികളുമുണ്ടാകും.

ജാഥയ്ക്ക്‌‌ മുന്നോടിയായി നാളെ രാവിലെ 8 മണി മുതൽ കാസർകോട്‌ ഗസ്‌റ്റ്‌ ഹൗസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേതാക്കളുമായി ചര്‍ച്ച നടത്തും. സംഘടന നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് വാർത്താസമ്മേളനവും ഉണ്ടാകും.

ABOUT THE AUTHOR

...view details