കാസർകോട് :സിപിഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറി എ.കെ നാരായണൻ(84) അന്തരിച്ചു(cpm leader ak narayanan died). വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. ബീഡി തൊഴിലാളി ഫെഡറേഷന്‍റെ അഖിലേന്ത്യ ഭാരവാഹിയായിരുന്നു. കൺസ്യൂമർ ഫെഡ് ചെയർമാൻ എന്ന നിലയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് (തിങ്കൾ ) രാവിലെ 9.30ന് മേലാങ്കോട്ടെ സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിലും 11.30ന് അതിയാമ്പൂർ ബാലബോധിനി വായനശാലയിലും പൊതുദർശനത്തിന് വച്ചശേഷം 12.30ന് വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും.
1989 മുതൽ 94 വരെയും 2004 മുതൽ നാലുവർഷവും സിപിഎം കാസർകോട് ജില്ലാസെക്രട്ടറിയായിരുന്നു എ കെ നാരായണന്‍.
1939ൽ നീലേശ്വരം പാലായിയിലാണ് ജനനം. അച്ഛൻ: കാഞ്ഞങ്ങാട് അതിയാമ്പൂർ അമ്പു. അമ്മ: പാലായിയിലെ മാണിക്കം. ഭാര്യ: ഇന്ദിര (റിട്ട. ദിനേശ് ബീഡി). മക്കൾ: ലൈല, അനിത, ആശ, സീമ. മരുമക്കൾ: നാരായണന്‍ അരയി, അഡ്വ. യദുനാഥ്, ജൈനേന്ദ്രന്‍, അശോകന്‍.
എ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട നാരായണന്‍ ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്. നീണ്ടകാലം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റിയംഗവുമായി. ബീഡിത്തൊഴിലാളി ഫെഡറേഷന്‍റെ സംസ്ഥാന, അഖിലേന്ത്യാ ഭാരവാഹിയുമായിരുന്നു. 2008 മുതൽ 2011വരെ കൺസ്യൂമർ ഫെഡ് ചെയർമാനുമായി.
അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. വിവിധ കാലത്തായി രണ്ടുവർഷം തടവിൽ കഴിഞ്ഞു.