കാസര്‍കോട്:കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി കലക്ടര്‍ ഇറക്കിയ ഉത്തരവ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തിരുത്തിയത് സി.പി.എം ജില്ല സമ്മേളനം നടക്കുന്നതിനാലെന്ന് ആരോപണം. ഇതര പാര്‍ട്ടികളാണ് ആരോപണവുമായി രംഗത്ത് എത്തിയത്.
കൊവിഡ് ടി.പി.ആര്‍ 30 ശതമാനത്തിൽ കൂടുതൽ ആയതിനാൽ ജില്ലയില്‍ സമൂഹിക രാഷ്ട്രീയ മതപരിപാടികള്‍ അനുവദിക്കില്ലെന്ന ഉത്തരവ് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഇറക്കിയതിനു പിന്നാലെയായിരുന്നു തിരുത്ത്. നിശ്ചയിച്ച പരിപാടികള്‍ അടിയന്തിരമായി മാറ്റിവയ്ക്കണമെന്നുമെയിരുന്നു കലക്ടറുടെ ഉത്തരവ്. എന്നാൽ മണിക്കൂറുകൾക്കകം ഉത്തരവ് തിരുത്തുകയായിരുന്നു.
Also Read: കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കാറ്റഗറി തിരിച്ച്
എന്നാൽ സംസ്ഥാന കൊവിഡ് അവലോകന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയതെന്നു അധികൃതർ പറയുന്നു. സി.പി.എം സമ്മേളന വേദിയായ മടിക്കെ പഞ്ചായത്തിലെ ടി. പി.ആർ നിരക്ക് 67.5 ആണ്. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സമാപന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. പാർട്ടി ശക്തി കേന്ദ്രമായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സി.പി.എം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ സെക്രട്ടറിയായി എം. വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.