തലപ്പാടി അതിർത്തിയിലെ പരിശോധനയിൽ 2 പേർക്ക് കൊവിഡ് - antigen test news
രോഗം സ്ഥിരീകരിച്ച ഒരാൾ കാഞ്ഞങ്ങാടിലെ ബാങ്ക് ഉദ്യോഗസ്ഥനും മറ്റൊരാൾ റവന്യൂ വകുപ്പ് ജീവനക്കാരനുമാണ്.ഇവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി
കാസര്‍കോട്: തലപ്പാടി അതിർത്തിയിലെ കൊവിഡ് പരിശോധനയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നിന്ന് മംഗലാപുരത്തേക്ക് നിത്യേന തൊഴിൽ ആവശ്യാർത്ഥം പോയി വരുന്നവർക്ക് പാസ് അനുവദിക്കുന്നതിനായാണ് തലപ്പാടിയിൽ ആന്‍റിജൻ പരിശോധനക്ക് സൗകര്യമൊരുക്കിയത്.
ബുധനാഴ്ച മുതൽ ആരംഭിച്ച പരിശോധനയിൽ ഇതാദ്യമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെയായി പരിശോധിച്ച 107 പേരിൽ നിന്നുമാണ് 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ കാഞ്ഞങ്ങാടിലെ ബാങ്ക് ഉദ്യോഗസ്ഥനും മറ്റൊരാൾ റവന്യൂ വകുപ്പ് ജീവനക്കാരനുമാണ്. ജോലി ആവശ്യാർഥം കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ഇവരുടെ കുടുംബം മംഗലാപുരത്താണ്. ഇടക്കിടെ മംഗലാപുരം പോയി വരുന്ന ഇരുവരും സ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്യാനുള്ള പാസിനായി തലപ്പാടിയിൽ എത്തി. തുടര്‍ന്ന് കൊവിഡ് ടെസ്റ്റിന് വിധേയരായി.
രോഗം സ്ഥിരീകരിച്ചതിനുശേഷം ഇവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കായി ദന്തരോഗ വിദഗ്ദ്ധൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ, ലാബ് ടെക്‌നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചത്. രാവിലെ 9 മുതൽ 2 വരെയാണ് പരിശോധന.