കാസർകോട്: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്‌ട്ര ഐടി കമ്പനികളിൽ എൻജിനീയർ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ദമ്പതികൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ചീമേനി എസ്എച്ച്ഒ കെ അജിതയും സംഘവും അറസ്റ്റ് ചെയ്‌തത്. വിവിധ മേൽവിലാസങ്ങളിൽ സിം കാർഡുകൾ കരസ്ഥമാക്കിയും വ്യാജ ആധാർ കാർഡുകൾ സമ്പാദിച്ചുമാണ് ഇവർ നാലു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്.
തമിഴ്‌നാട്ടിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവർ കബളിപ്പിച്ചിരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ചീമേനി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയത്. പ്രതികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു.