കാസർകോട്:ജില്ലയിലെ ടാറ്റ കൊവിഡ് ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. പ്രീ ഫാബ് മാതൃകയിലുള്ള ആശുപത്രിക്കായി ടാറ്റയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകൾ എത്തിത്തുടങ്ങി. കൊവിഡ് സാഹചര്യം മുന്നിൽ കണ്ടാണ് ആശുപത്രി വരുന്നതെങ്കിലും ഭാവിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൂർണമായും ഉരുക്കിൽ നിർമിച്ച കണ്ടെയ്നറുകൾ ആണ് ആശുപത്രിക്കായി ഉപയോഗപ്പെടുത്തുന്നത്. തെക്കിൽ വില്ലേജിൽ നിലം നികത്തിയ സ്ഥലത്തേക്ക് ആദ്യ യൂണിറ്റ് എത്തിച്ചു.
ടാറ്റ കൊവിഡ് ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്
കിടത്തി ചികിത്സക്കൊപ്പം അത്യാധുനിക ലാബ് സൗകര്യവും കൊവിഡ് ആശുപത്രിയിലുണ്ടാകും
അഞ്ച് കിടക്കകൾ, ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള മുറി, ശുചിമുറി തുടങ്ങിയവയാണ് ഒരു കണ്ടെയ്നറിൽ ഉള്ളത്. കിടത്തി ചികിത്സക്കൊപ്പം അത്യാധുനിക ലാബ് സൗകര്യവും കൊവിഡ് ആശുപത്രിയിലുണ്ടാകും. തികളാഴ്ച്ചക്കകം 15 യൂണിറ്റ് കണ്ടെയ്നറുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കൊവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
540 ബെഡുകളുള്ള ആശുപത്രിക്കായി മൂന്ന് തട്ടുകളിലായാണ് 128 കണ്ടെയ്നർ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനായി ദേശീയപാത തെക്കിൽ വളവിൽ നിന്നും 12 മീറ്റർ വീതിയിൽ അനുബന്ധ റോഡിന്‍റെ നിർമാണവും പൂർത്തിയായി.