കാസര്‍കോട്:ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് നിയുക്ത ഉദുമ എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ റോഡുകള്‍ മിക്കതും പൂര്‍ത്തിയായി. ബാവിക്കര, പാണ്ടിക്കണ്ടം റെഗുലേറ്റര്‍ ബ്രിഡ്ജുകള്‍ വന്നതോടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ടാറ്റ ആശുപത്രിയില്‍ ജീവനക്കാരെ വേഗത്തില്‍ നിയമിച്ച് പൂര്‍ണസമയ ആശുപത്രി എന്ന നിലയില്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പെഷ്യാലിറ്റി സൗകര്യങ്ങളടക്കം ഇവിടെ കൊണ്ടു വരും. ഒപ്പം ജില്ലയിലെ ആവശ്യത്തിനുള്ള ഓക്‌സിജനുള്ള പ്ലാന്‍റ് ഉദുമ മണ്ഡലത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് പരിഗണന നല്‍കും: സി.എച്ച്. കുഞ്ഞമ്പു - സി.എച്ച്.കുഞ്ഞമ്പു
സര്‍ക്കാര്‍ കോളജില്‍ നൂതന കോഴ്‌സുകള്‍ കൊണ്ടുവരുമെന്നും സി.എച്ച്. കുഞ്ഞമ്പു.
കൂടുതൽ വായനയ്‌ക്ക്:ഉദുമയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിഎച്ച് കുഞ്ഞമ്പു
വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി ഉദുമയില്‍ ധാരാളമുണ്ട്. അത് പ്രയോജനപ്പെടുത്തി യുവാക്കള്‍ക്ക് തൊഴില്‍ സംരഭങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകും. ഉദുമയിലെ സ്പിന്നിങ് മില്‍ വിപുലീകരണം ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബേക്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും നിലവില്‍ പ്രഖ്യാപിച്ച പെരിയ എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യമാകുന്ന മുറക്ക് ടൂറിസം രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിലവില്‍ ഉദുമയില്‍ ആരംഭിച്ച സര്‍ക്കാര്‍ കോളജില്‍ നൂതന കോഴ്‌സുകള്‍ കൊണ്ടു വരുമെന്നും തീരദേശ മേഖലയുള്ളതിനാല്‍ മറൈന്‍ കോഴ്‌സുകള്‍ക്കുള്ള സാധ്യതകള്‍ തേടുമെന്നും സി.എച്ച്.കുഞ്ഞമ്പു വ്യക്തമാക്കി. കൂടാതെ നഗരവികസനമെന്നത് പ്രത്യേക അജണ്ടയായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.