കാസർകോട് : കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നവംബർ ഒന്നുമുതൽ ജനറൽ കോച്ച് അനുവദിച്ച 23 ട്രെയിനുകളിൽ ഒന്നു പോലും കാസർകോടിനില്ല. ഇതോടെ ജോലിക്ക് പോകുന്ന നിത്യ യാത്രക്കാരും വിദ്യാർഥികളും അടങ്ങുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാകും.
കണ്ണൂരിൽ നിന്ന് രാവിലെ മംഗളൂരുവിലേക്കും വൈകിട്ട് കണ്ണൂരിലേക്കും പോകുന്ന ഒരു ട്രെയിനിൽ മാത്രമാണിപ്പോൾ സീസൺ ടിക്കറ്റും തത്സമയ ടിക്കറ്റും അനുവദിക്കുന്നത്. നവംബർ പത്ത് മുതൽ മംഗളൂരു-കോയമ്പത്തൂർ ട്രെയിനിൽ ജനറൽ ടിക്കറ്റ് ലഭിക്കും. കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ 3.10ന് കണ്ണൂർ പിന്നിട്ട് വൈകിട്ട് 5.14നാണ് കാസർകോട് എത്തുന്നത്.
മംഗളൂരുവിൽ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടുന്ന മടക്ക ട്രെയിൻ രാവിലെ പത്തിന് കാസർകോട് എത്തും. 11. 52നാണ് കണ്ണൂരിലെത്തുക. ജോലിക്കായി അടുത്ത ജില്ലയിലേക്ക് പോകുന്ന നൂറുകണക്കിന് നിത്യയാത്രക്കാർക്ക് ഈ ട്രെയിൻ ഉപകാരപ്പെടില്ല.
നവംബർ മുതൽ 27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചപ്പോൾ, ഒരു ട്രെയിൻ മാത്രമാണ് കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ളവർക്ക് ലഭിക്കുക. ഇതോടെ നിത്യയാത്രക്കാർക്ക് കയറാനാവുന്നത് രണ്ട് ട്രെയിനില്‍ മാത്രമാകും.