കാസര്‍കോട്: കൊവിഡിന്‍റെ സാമൂഹ്യ വ്യാപനം തടയാന്‍ കാസര്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍മപദ്ധതി. ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകള്‍ കയറിയുള്ള സര്‍വേയിലൂടെ വിവരശേഖരണം നടത്തി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുമ്പോള്‍ രാജ്യത്താദ്യമായാണ് ഇങ്ങനെ ഒരു സാമൂഹിക സര്‍വേ. അതിഭയാനകമായി കൊവിഡ് വ്യാപിച്ചെങ്കിലും വളരെ വേഗം വൈറസില്‍ നിന്നും മുക്തി നേടി അതിജീവനത്തിന്‍റെ പാതയിലാണ് കാസര്‍കോട്.
കൊവിഡ് കണ്ടെത്താന്‍ സാമൂഹിക സര്‍വേയുമായി കാസര്‍കോട്; നടപടി രാജ്യത്താദ്യം രാജ്യത്തെ തന്നെ ഉയര്‍ന്ന രോഗവിമുക്തി നിരക്ക് നേടിയപ്പോഴും വിശ്രമമില്ലാതെ നാടാകെ പതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തിലെ കാസര്‍കോടന്‍ മാതൃക കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേതടക്കം പ്രശംസ പിടിച്ചു പറ്റി. ഇപ്പോള്‍ വൈറസ് വ്യാപനം മൂന്നാംഘട്ടത്തിലെത്തുമ്പോള്‍ സമൂഹ വ്യാപനമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാസര്‍കോട് അതിനെയും പ്രതിരോധിക്കാനുള്ള സര്‍വമുന്നൊരുക്കങ്ങളുമാണ് നടക്കുന്നത്.
രോഗം പടര്‍ന്നു പിടിച്ച പ്രദേശങ്ങളില്‍ നിന്നുമാത്രമേ വൈറസ് വ്യാപന സാധ്യതയുള്ളൂ എന്നിരിക്കെ ഈ പ്രദേശങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് പ്രധാനമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളിലെല്ലാം ട്രിപ്പിള്‍ ലോക്ക് നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് സമ്പര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും മറ്റുള്ളവരിലേക്ക് വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള പോസിറ്റീവ് കേസുകളാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ ഘട്ടത്തിലാണ് സാമൂഹിക സര്‍വേയെന്ന ആശയവുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോയത്.
സമൂഹവ്യാപനമുണ്ടാകാൻ സാധ്യതയുള്ള രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും കയറിയാണ് സര്‍വേ. ഓരോ വീട്ടിലെയും മുഴുവന്‍ ആളുകളെയും നേരില്‍ കണ്ട് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായ ആളുകള്‍, വിദേശത്ത് നിന്നുമെത്തി റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ തുടങ്ങി എല്ലാം രേഖപ്പെടുത്തിക്കൊണ്ടാണ് സര്‍വേ. സംശയം തോന്നുന്നവരെ നിര്‍ബന്ധമായും ശ്രവ പരിശോധന നടത്തുന്നതിനും രോഗവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് അപഗ്രഥിക്കാനും സര്‍വേ വഴി തുറന്നു.
രോഗം സ്ഥിരീകരിക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ആശാ വര്‍ക്കര്‍ തുടങ്ങിയവരാണ് സര്‍വേക്കായി നിയോഗിക്കപ്പെട്ടത്. ഒരാഴ്ച കൊണ്ട് 18800 വീടുകളിലെത്തി സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു. ഒരു ലക്ഷത്തിനടുത്ത് ആളുകളില്‍ നിന്നും നേരിട്ട് വിവരശേഖരണം നടത്താനായത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേട്ടമാണ്.
പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലില്ലാത്തതും എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുള്ളതുമായ 237 പേരുടെയും പോസീറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 85 പേരെയും സ്രവ പരിശോധന നടത്താന്‍ സമൂഹ സര്‍വേ വഴി സാധിച്ചു. ഒരു ലക്ഷത്തോളം ആളുകളില്‍ ഇത്രയും കുറഞ്ഞ ആളുകളില്‍ മാത്രമേ ലക്ഷണങ്ങള്‍ ഉള്ളൂ എന്നതും ഇവയില്‍ 80ശതമാനത്തിനും നെഗറ്റീവ് റിസള്‍ട്ട് വന്നതും ആശ്വാസകരമാണ്.
ഈ വിവരങ്ങള്‍ പ്രകാരം കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപന സാധ്യത ഇല്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. കാസര്‍കോട്ടെ സമൂഹ സര്‍വേക്ക് സമാനമായ സര്‍വേ നടപടികള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പും തീരുമാനിച്ചിട്ടുണ്ട്. എന്തായാലും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമായി. കൊവിഡ് സ്ഥിരീകരിച്ച 80ശതമാനം രോഗികളും രോഗവിമുക്തരായതും സമൂഹവ്യാപന ഭീഷണിക്ക് അല്‍പ്പം അയവു വന്നതിലും ഒരു നാടിനാകെ ആശ്വാസമാണ്.