കാസര്‍കോട്: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം സെല്‍ഫി എടുത്തയക്കണമെന്ന വിവാദ ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ദുരിതബാധിതരുടെ കണക്കെടുപ്പിനായി അംഗന്‍വാടി ജീവനക്കാരെ നിയോഗിച്ച് സെല്‍ഫി എടുത്തയക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
ദുരിതബാധിതര്‍ക്കൊപ്പം സെല്‍ഫി; കലക്ടറുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഗൃഹസന്ദര്‍ശനം നടത്തി സെല്‍ഫിയെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു പിന്നീട് അറിയിച്ചു.
അഞ്ച് മാസത്തോളം പെന്‍ഷന്‍ മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരെ ഗൃഹസന്ദര്‍ശനത്തിന് നിയോഗിച്ചത്. ഭവന സന്ദര്‍ശനം നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിന് സെല്‍ഫി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തിരുമാനം പ്രാവര്‍ത്തികമാക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ സെല്‍ഫി എടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് തന്നെ ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കലക്ടറുടെ നടപടിക്കെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരടക്കം ജില്ലാ ഭരണകൂടത്തിനെതിരെ തെരുവില്‍ സെല്‍ഫി എടുത്ത് പ്രതിഷേധിച്ചു.