അതിര്‍ത്തിയില്‍ കോഴിപ്പോര് ചൂതാട്ടം; മഞ്ചേശ്വരത്ത് 7 പേർ അറസ്‌റ്റിൽ കാസര്‍കോട്:കർണാടകയോട് ചേർന്നുള്ള അതിർത്തി പ്രദേശങ്ങളിൽ കോഴിപ്പോര് ചൂതാട്ടം. മഞ്ചേശ്വരം, കുമ്പള, അഡൂര്‍, ബദിയഡുക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോഴും നിയമവിരുദ്ധമായി കോഴിപ്പോര് നടക്കുന്നത്. അതേസമയം മഞ്ചേശ്വരത്തെ കോഴിപ്പോര് ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴുപേർ അറസ്‌റ്റിലായി.
മഞ്ചേശ്വരത്തെ മൂഡംബയലിൽ കോഴിപ്പോര് വ്യാപകമായി നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് ചൂതാട്ടത്തിന് നേതൃത്വം നൽകിയ ഏഴുപേരെ അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 25,000 രൂപ പിടിച്ചെടുക്കുകയും ചെയ്‌തു. കൂടാതെ 17 പൂവൻ കോഴികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. അറസ്‌റ്റിലായ എല്ലാവരും തന്നെ മഞ്ചേശ്വരം സ്വദേശികളാണ്.
പിടികൂടിയ കോഴികളെ എന്തുചെയ്യും: എന്നാല്‍ കോടതി നിർദേശ പ്രകാരം കോഴികളെ ലേലം ചെയ്‌തതോടെ 31,930 രൂപയാണ് സർക്കാര്‍ ഖജനാവിലേക്ക് എത്തിയത്. കോഴികളിൽ ഒന്ന് ലേലം പോയത് 3500 രൂപയ്ക്കാണ്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുറ്റത്ത് 17 പോരു കോഴികൾ നിരന്നുനിന്നതും കൗതുക കാഴ്‌ചയായിരുന്നു. അതേസമയം കോഴികളെ ലേലം ചെയ്‌തതോടെ അവ വീണ്ടും പോർക്കളത്തിലേക്ക് എത്താൻ വഴിയൊരുക്കുമെന്ന ആരോപണവും ഉയരുന്നുണ്ട്.
'പോര്' സ്ഥിരം കാഴ്‌ചയാകുമ്പോള്‍: കേരള - കർണാടക അതിർത്തി പ്രദേശങ്ങളിൽ കോഴിപ്പോര് ചൂതാട്ടം സ്ഥിരം കാഴ്‌ചകളാണ്. പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് പോര് നടക്കുക. കോഴിപ്പോര് കേസുകൾ ഇടയ്ക്കിടെ ഉണ്ടാവുന്നതാണെങ്കിലും ഇത്രയേറെ കോഴികളെ ഒന്നിച്ച് പിടികൂടിയത് ആദ്യമായാണ്. മാത്രമല്ല കോഴിപ്പോരിനിടെ പന്തയം വച്ചത് സംബന്ധിച്ചുള്ള അടിപിടിയിലും കയ്യാങ്കളിയിലും സ്ഥിരം കാഴ്‌ചയാണ്. പന്തയക്കോഴിയുടെ കാലില്‍ ഘടിപ്പിക്കുന്ന ബ്ലെയ്‌ഡ് ഉപയോഗിച്ച് പരസ്‌പരം ഏറ്റുമുട്ടിയതോടെ കോഴിപ്പോര് ചോരക്കളിയായി മാറിയ സംഭവങ്ങളും നിരവധിയുണ്ട്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, അഡൂര്‍, ബദിയഡുക, പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ കോഴിപ്പോരാട്ടം ആചാരങ്ങളുടെ ഭാഗമായും നടത്താറുണ്ട്. എന്നാല്‍ ഇവ കൂടാതെ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം സ്ഥലങ്ങളില്‍ പൊലീസെത്തി കോഴികളെ പിടിച്ചെടുക്കാറുണ്ട്. തുടര്‍ന്ന് ഇവയെ കോടതിയില്‍ ഹാജരാക്കും. പിന്നീട് ഈ കോഴികളെ പൊലീസ് സ്‌റ്റേഷനില്‍ മുഖേന ലേലം ചെയ്‌ത് വില്‍ക്കുകയാണ് പതിവ്. ഈ കോഴിയെ വാങ്ങുന്നവര്‍ 25,000 വരെ വിലയ്ക്ക് ഇവയെ ചന്തയില്‍ വില്‍ക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
ജീവന്‍ പൊലിക്കുന്ന കോഴിപ്പോര്: അതേസമയം ഇത്തവണ സംക്രാന്തിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളിലായി നടന്ന കോഴിപ്പോരിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. പശ്ചിമ ഗോദാവരി ജില്ലയിലെ നല്ലജർല മണ്ഡലത്തിലെ അനന്തപള്ളിയിൽ കോഴിപ്പോര് കാണുന്നതിനിടെ പശ്ചിമ ഗോദാവരി സ്വദേശി പത്മരാജു, കാക്കിനട സ്വദേശി സുരേഷ് എന്നിവരാണ് മരിച്ചത്. പോരിനിടെ ഒരു കോഴി പറന്നെത്തി പത്മരാജുവിന്‍റെ മേൽ വീഴുകയായിരുന്നു. കോഴിയുടെ കാലിൽ കെട്ടിയിരുന്ന ബ്ലേഡ് തട്ടി പത്മരാജുവിന് സാരമായി മുറിവേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് മരിക്കുകയുമായിരുന്നു.
എന്നാല്‍ കാക്കിനട സ്വദേശി സുരേഷിന്‍റെ ജീവന്‍ പൊലിഞ്ഞത് കിർലാംപുടി മണ്ഡലത്തിലെ വേലങ്കയിൽ കോഴിപ്പോരിനായി കോഴിയുടെ കാലിൽ കത്തി കെട്ടുന്നതിനിടെയാണ്. കോഴിയുടെ കാലില്‍ കെട്ടിയ കത്തി സുരേഷിന്‍റെ കൈത്തണ്ടയിൽ തട്ടിയതോടെ കൈഞരമ്പ് മുറിയുകയായിരുന്നു. ഇയാളും ആശുപത്രിയിലേക്ക് മാറ്റുന്നിടെയാണ് മരിക്കുന്നത്.