കാസർകോട്:കെപിസിസി മുൻ ഉപാധ്യക്ഷൻ സികെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. 50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുൻ ഡിസിസി പ്രസിഡന്‍റ് കൂടിയായ ശ്രീധരൻ പാർട്ടി വിടുന്നത്. നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
രാഷ്ട്രീയമാറ്റത്തിന്‍റെ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച കാഞ്ഞങ്ങാട് സിപിഎമ്മിന്‍റെ ഔദ്യോഗിക സ്വീകരണം നടക്കും. നവംബർ 17ന് പാർട്ടി വിടാനുള്ള തീരുമാനം വാർത്ത സമ്മേളനം നടത്തി വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഉപാധികളൊന്നുമില്ലാതെയാണ് ശ്രീധരൻ സിപിഎമ്മിൽ ചേരുന്നതെന്നാണ് സൂചന. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. അടുത്തിടെ സികെ ശ്രീധരന്‍റെ പുസ്‌തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടെ അദ്ദേഹം കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു.
എന്നാൽ പിന്നീട് പ്രതികരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പാർട്ടി വിടാൻ നിരവധി കാരണങ്ങളുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.