കാസർകോട്:ഇംഗ്ലീഷിലും മലയാളത്തിലും നോവലും കഥയും കവിതയും.. ഒരു പടി കൂടി കടന്ന് സിനിമ നിരൂപണം കൂടിയാകുമ്പോൾ കാസർകോട്ടുകാരി സിനാഷ നാട്ടിലും സ്‌കൂളിലും സൂപ്പർ സ്റ്റാറാണ്. കാസർകോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി സിനാഷ ഇതിനകം ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതി പൂർത്തിയാക്കിയത് 13 പുസ്‌തകങ്ങളാണ്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനാഷ ആദ്യ ഇംഗ്ലീഷ് പുസ്‌തകം എഴുതിയത്. കുട്ടികളിലൂടെ സഞ്ചരിച്ച് സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നവയാണ് സിനാഷയുടെ പുസ്‌തകങ്ങളെല്ലാം. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെ തന്നെ വരയാണ്.
കാസർകോട് സീതാംഗോളി മയിപ്പാടിയില്‍ അധ്യാപകനായ ശ്രീകുമാറിന്‍റെയും സ്‌മിതയുടെയും മകളായ ഈ കൊച്ചു മിടുക്കിക്ക് സിനിമ സംവിധായിക ആകണമെന്നാണ് ആഗ്രഹം. ഇരുനൂറിലധികം ലോക ക്ലാസിക് സിനിമകളുടെ ആസ്വാദനക്കുറിപ്പും സിനാഷെ എഴുതിക്കഴിഞ്ഞു. ചെസും ഫുട്‌ബോളും ഇഷ്‌ടമാണ് അക്ഷരങ്ങളുടെ ലോകത്തെ രാജകുമാരിക്ക്....