കാസർകോട്: പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കാസര്‍കോട് ജില്ലയിലെ ചിങ്ങവെള്ളം. ഓണക്കാലത്ത് കാസർകോട് ജില്ലയിൽ മാത്രം കണ്ടുവരുന്ന ആചാരമാണിത്. ചിങ്ങം ഒന്നിന് പുലര്‍ച്ചെ കിണറ്റില്‍ നിന്ന് ആദ്യം കോരിയെടുക്കുന്ന വെള്ളം കഴുകി വൃത്തിയാക്കിയ കിണ്ടിയില്‍ ഒഴിച്ച് എല്ലാ ദിവസവും വീട്ടില്‍ സൂക്ഷിച്ച് വെക്കുന്നതാണ് ചിങ്ങവെള്ളം.
കിണറ്റില്‍ നിന്ന് ആദ്യം കോരിയെടുത്ത വെള്ളം സൂര്യന് നേരെ മൂന്ന് തവണ തര്‍പ്പണം ചെയ്ത ശേഷം തേച്ച് കഴുകി വൃത്തിയാക്കിയ കിണ്ടിയില്‍ നിറക്കുന്നു. അതിൽ തുമ്പപ്പൂവും തുളസിയും ഇട്ട് ചെറിയ താളില പറിച്ച് കിണ്ടിയുടെ വായ് ഭാഗം മൂടുന്നു. വളരെയധികം ഭക്തിയോടെ ആ നിറ കുംഭത്തെ പടിഞ്ഞാറ്റയിൽ എത്തിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
സൂര്യദേവനെ വരവേൽക്കുന്ന ആചാരമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ചിങ്ങ മാസത്തിലെ സൂര്യന്‍ ബലവാനാണെന്നാണ് വിശ്വാസം. സൂര്യന്‍റെ സ്വന്തം ക്ഷേത്രമായിട്ടാണ് ചിങ്ങമാസത്തെ ജ്യോതിഷികള്‍ പറയുന്നത്. സൂര്യനെ ഏറ്റവും തെളിഞ്ഞ് മനോഹരിയായി കാണപ്പെടുന്നതും ചിങ്ങ മാസത്തിലാണ്.