പി ടി ഉഷയ്‌ക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്‌ടറേറ്റ് കാസര്‍കോട്: പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇനി മുതൽ ഡോ. പി ടി ഉഷ. അത്ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ-അന്തർദേശീയ മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമായ ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്‌ടറേറ്റ് സമ്മാനിച്ചു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റും രാജ്യസഭാംഗവുമായ പിടി ഉഷയ്‌ക്ക് കായിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് കേരള കേന്ദ്ര സര്‍വകലാശാല ഹോണററി ഡോക്‌ടറേറ്റ് നല്‍കിയത്.
പെരിയ കാമ്പസിലെ സബര്‍മതി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു ആണ് ഉഷയ്ക്ക് ഹോണററി ഡോക്‌ടറേറ്റ് ബിരുദം സമ്മാനിച്ചത്. തന്‍റെ രാഷ്ട്രീയം കായികമാണെന്നും അത് ഏത് രീതിയിൽ എടുക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണെന്നും ഉഷ പറഞ്ഞു. ആക്രമണങ്ങളെ ഗൗരവമാക്കുന്നില്ലെന്നും തനിക്ക് ലഭിച്ച അംഗീകാരം വളർന്നു വരുന്ന താരങ്ങൾക്ക് പ്രചോദനം ആകുമെന്നും ഉഷ പ്രതികരിച്ചു.
സാധാരണ ഒരു കുടുംബത്തിൽ ജനിച്ച് എല്ലാ കഷ്‌ടപ്പാടുകളും ബുദ്ധിമുട്ടുകളും മറികടന്ന് വരുന്ന ആളാണ് താനെന്നും അങ്ങനെ വരുന്ന താരങ്ങൾക്കും ഇതുപോലുള്ള സൗകര്യങ്ങൾ കിട്ടും എന്നുള്ളത് യുവത്വത്തിന് പ്രചോദനമാകുമെന്നും പിടി ഉഷ കൂട്ടിച്ചേർത്തു. ലൊസ്ഏഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്‍റിന്‍റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്‌ടമായതിന്‍റെ വേദനകള്‍ വിവരിച്ച് വൈകാരികമായിരുന്നു പി ടി ഉഷയുടെ പ്രസംഗം.
കയ്യെത്തും ദൂരെ നഷ്‌ടപ്പെട്ട ഒളിംപിക് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ് താൻ. ഇതിന് ലക്ഷക്കണക്കിനാളുകളുടെ പ്രാര്‍ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ഥ്യമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഉഷ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവര്‍ വിശദീകരിച്ചു.
പി ടി ഉഷ രാജ്യത്തിന്‍റെ അഭിമാനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി ടി ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.
രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ ചാര്‍ജ്ജ് പ്രൊഫ. എം എന്‍ മുസ്‌തഫ നന്ദിയും പറഞ്ഞു. ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നേട്ടങ്ങൾ കൊയ്‌തെടുത്ത് ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ്: കിനാലൂരിൽ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിന് നേതൃത്വം നൽകിവരികയാണ് പി ടി ഉഷ എന്ന അതുല്യ പ്രതിഭ. 20 വർഷം പിന്നിടുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ താരങ്ങൾ 79 രാജ്യാന്തര മെഡലുകളാണ് ഇതുവരെ ഇന്ത്യക്കായി നേടിത്തന്നിട്ടുള്ളത്. ദേശീയ മത്സരങ്ങളിൽ 600ൽ അധികം മെഡലുകൾ കരസ്ഥമാക്കി.