കാസർകോട് :ഇംഗ്ലീഷ് സംസാരിക്കാൻ ഇനി പേടി വേണ്ട, നിങ്ങളുടെ സ്‌കൂളിലേക്കും 'മിണ്ടിയും പറഞ്ഞും ഇംഗ്ലീഷ്' സംഘം ഉടനെത്തും.ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമുള്ള വിദ്യാർഥികൾക്ക് പരിശീലന പരിപാടിയുമായി എത്തിയിരിക്കുകയാണ് കേരള കേന്ദ്ര സർവകലാശാല.
ഇംഗ്ലീഷിനെ പേടിക്കേണ്ട... ദാ വരുന്നു 'മിണ്ടിയും പറഞ്ഞും ഇംഗ്ലിഷ്' ‘മിണ്ടിയും പറഞ്ഞും ഇംഗ്ലീഷ്' എന്ന പേരിൽ സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേചർ ഡിപ്പാർട്മെന്‍റാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ് അറിയാമെങ്കിലും അത് പറയുമ്പോൾ തെറ്റിപോകുമോ എന്ന ഭയമാണ് കുട്ടികളിൽ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. അത് മാറ്റിയെടുക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഭാഷ അറിഞ്ഞിട്ടും അത് സംസാരിക്കാൻ മടിക്കുന്നതിന്‍റെ കാരണങ്ങൾ ചോദിച്ച് മനസിലാക്കുക, സഭാകമ്പമുള്ളവർക്ക് അതിനെ മറികടക്കാനുള്ള നുറുങ്ങുകൾ നൽകുക, ഒറ്റയ്ക്കും കൂട്ടമായും സ്റ്റേജിലേക്ക് എത്തിച്ച് വിവിധ സന്ദർഭങ്ങൾ നൽകി ഇംഗ്ലീഷിൽ പ്രതികരണം നടത്താൻ സഹായിക്കുക, കളികളിലൂടെ ആത്മവിശ്വാസം നൽകുക എന്നിങ്ങനെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയാണ് സംഘം നടത്തിവരുന്നത്.
അധ്യാപകർക്ക് പുറമെ ഒന്നാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥികളായ 50 പേരാണ് പരിശീലന സംഘത്തിലുള്ളത്. ആദ്യ പരിപാടിയിൽ പെരിയ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ ഇരുന്നൂറോളം മലയാളം മീഡിയം വിദ്യാർഥികൾക്ക് പരിശീലനം നൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ സ്‌കൂളുകളിലേക്ക് ഈ സംഘമെത്തും. അടുത്ത അധ്യായന വർഷത്തോടെ മറ്റു ജില്ലകളിലേക്കും പരിപാടി വ്യാപിപ്പിക്കും.
ALSO READ: ഒരു ആഡംബരനൗക കൂടി കടൽ കടക്കും; ചാലിയം പട്ടർമ്മാട് തുരുത്തിലെ ഭീമൻ ഉരു നീറ്റിലിറക്കി