കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പഴുതടച്ച അന്വേഷണത്തിന് സിബിഐ. കേസിലെ മുഴുവന്‍ പ്രതികളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ സി.ബി.ഐ ശേഖരിച്ചു തുടങ്ങി. കേസുമായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലാ കോടതിയിലെ മുഴുവന്‍ രേഖകളും അന്വേഷണ സംഘത്തിന് കൈമാറി. കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിലുള്ള കുറ്റപത്രമടക്കമുള്ള രേഖകള്‍ കൈമാറിയത്.
പെരിയ ഇരട്ടക്കൊലക്കേസ്; സി.ബി.ഐ അന്വേഷണം ആരംഭിച്ചു - പെരിയ ഇരട്ടക്കൊലപാതകം
കുറ്റപത്രം അടക്കമുള്ള മുഴുവന്‍ രേഖകളും കാസര്‍കോട് ജില്ലാ കോടതി സി.ബി.ഐക്ക് കൈമാറി
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി കേസിന്‍റെ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി ജില്ലാ കോടതിയില്‍ നിന്നും സി.ബി.ഐ നേരത്തേ വാങ്ങിയിരുന്നു. അവ പരിശോധിച്ച ശേഷമാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്‌തത്. കേസില്‍ മുഖ്യപ്രതി പീതാംബരനുള്‍പ്പെടെ 14 പേരാണ് പ്രതികള്‍. ഇവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ അടക്കം ശേഖരിച്ച് ഗൂഢാലോചന അടക്കമുള്ളവയില്‍ തെളിവ് കണ്ടെത്താനാണ് സി.ബി.ഐയുടെ ശ്രമം. അതേസമയം കേസിന്‍റെ രേഖകളെല്ലാം സി.ബി.ഐക്ക് കൈമാറിയതോടെ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്ക് പരിഗണിക്കാനാകില്ല. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.