കാസര്‍കോട്: വീട്ടിലെ പൂച്ചക്കുട്ടിയെ നഷ്‌ടപ്പെട്ടാല്‍ വിഷമിക്കുന്നവരുണ്ടാകും. പൂച്ചയെ കണ്ടു കിട്ടാനായി കാണ്മാനില്ല എന്ന പോസ്റ്റര്‍ കൂടി പതിച്ചാലോ. ആയിരം രൂപ ഇനാം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ അങ്ങനൊരു പോസ്റ്റര്‍ പതിപ്പിച്ചിരിക്കുകയാണ് മേലാങ്കോട് സ്വദേശി രാഹുല്‍ രാഘവ്. രാഹുലിന്‍റെ അരുമയായ രണ്ടര വയസ് പ്രായമുള്ള പൂച്ചക്കുട്ടിയെയാണ് കാണാതായത്. ഒരാഴ്‌ചയോളമായി പൂച്ചക്കുട്ടിയെ കാണാതായിട്ട്. പറ്റാവുന്നിടത്തൊക്കെ അന്വേഷിച്ചിട്ടും ഫലം കാണാത്തപ്പോഴാണ് കാണ്മാനില്ലെന്ന് അറിയിച്ച് പൂച്ചയുടെ ഫോട്ടോ സഹിതം പോസ്റ്റര്‍ പതിച്ചത്. മേലാങ്കോട്ടും പരിസരങ്ങളിലുമെല്ലാം രാഹുല്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
പൂച്ചയെ കാണ്മാനില്ല, കണ്ടെത്തുന്നവര്‍ക്ക് ആയിരം രൂപ - കാസര്‍കോട്
മേലാങ്കോട് സ്വദേശി രാഹുല്‍ രാഘവാണ് തങ്ങളുടെ അരുമ പൂച്ചയെ കാണാത്തതിനാല്‍ പോസ്റ്റര്‍ പതിപ്പിച്ച് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്
എറണാകുളത്ത് ജോലിചെയ്യുന്ന രാഹുലിന് ഒരു വര്‍ഷം മുന്‍പാണ് അവിടെ നിന്ന് നാടന്‍ പൂച്ചയെ കിട്ടിയത്. ചില പരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും ചികിത്സിച്ച് ഭേദമാക്കി. മുറ തെറ്റാതെ വാക്‌സിനുകളും എടുത്തിരുന്നു. അടുത്ത കാലത്താണ് സ്വദേശമായ കാസര്‍കോട്ടേക്ക് പൂച്ചയെയും കൂട്ടിയത്. ദേഹത്തെ പുള്ളിയും കഴുത്തിലെ കറുത്ത ബെല്‍റ്റും മാത്രമാണ് പൂച്ചയുടെ അടയാളം.
1000 രൂപ നല്‍കുമെന്നത് വെറും വാക്കല്ലെന്നും പൂച്ചയെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നുമാണ് രാഹുലിന്‍റെ അഭ്യര്‍ഥന. മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കുടുംബത്തിലെ ഒരംഗമായ പൂച്ചയെ തിരിച്ചു കിട്ടുമെന്ന് തന്നെയാണ് രാഹുലിന്‍റെ പ്രതീക്ഷ.