എംസി ഖമറുദ്ദീനെതിരായ കേസ് ക്രൈംബ്രാഞ്ചിന് - ക്രൈംബ്രാഞ്ച് വാര്‍ത്തകള്‍
ആകെ രജിസ്‌റ്റര്‍ ചെയ്‌ത 17 കേസുകളില്‍ ഏഴെണ്ണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
കാസര്‍കോട്:മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനകം 17 കേസുകളാണ് എം.എൽ.എക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏഴ് കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എസ്.സതീഷിനാണ് അന്വേഷണ ചുമതല. അതേസമയം എം.സി കമറുദ്ദീനെതിരെ വണ്ടി ചെക്ക് കേസിൽ ഹൊസ്ദുർഗ് കോടതി സമൻസ് അയച്ചു. കള്ളാർ സ്വദേശികളായ സുധീർ, അഷറഫ് എന്നിവർ നൽകിയ പരാതിയിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. ഇരുവരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച 78 ലക്ഷം രൂപക്ക് പകരമായി നൽകിയ ചെക്കുകൾ സംബന്ധിച്ചാണ് പരാതി. ചെക്കുകൾ മടങ്ങിയതോടെയാണിരുവരും കോടതിയെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി എം.സി കമറുദ്ദീനും, ജ്വല്ലറി ഡയറക്ടർ ടി.കെ പൂക്കോയ തങ്ങൾക്കും നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. 800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായാണ് ആരോപണം. ഒന്നര വർഷം മുൻപാണ് സ്വർണക്കടയുടെ പ്രവർത്തനം നിർത്തിവെച്ചത്. ഇതുവരെ പണം തിരിച്ചു നൽകാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.